ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ ടീമിനെ കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. സിംഗപ്പൂരിനെതിരെ ഒക്ടോബർ 9 ന് നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തും. വിശ്രമത്തിലായിരുന്ന ഛേത്രിയുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരും. മലയാളി താരം സഹൽ അബ്‌ദുൾ സമദും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ 9 ന് സിംഗപ്പൂരിലെ നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ മത്സരം.

ഇതിന് പിന്നാലെ ഒക്ടോബർ 14 ന് ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും. രണ്ട് മത്സരങ്ങൾക്കും തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സെപ്തംബർ 20 മുതൽ ബാംഗ്ലൂരിൽ ഇന്ത്യൻ ടീം പരിശീലനം നടത്തി വരികയാണ്. കാഫ നേഷൻസ് കപ്പിൽ ഗ്രൂപ്പ് സി യിൽ നിലവിൽ അവസാന സ്ഥാനത്താണ് ഇന്ത്യ. അതേസമയം, നാല് പോയിന്റുകളുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ സൗദി അറേബ്യയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2027 ലേക്ക് യോഗ്യത നേടും.

സിംഗപ്പൂരിനെതിരായ മത്സരങ്ങൾ പരാജയപ്പെട്ടാൽ ഏഷ്യൻ കപ്പ് യോഗ്യതാ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ സാധ്യതയുണ്ട്. സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് 2027 ലേക്ക് ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമേ യോഗ്യത നേടാനാകൂ. 'നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ ദൂരേക്ക് നോക്കുന്നില്ല. ഇനിയും നാല് മത്സരങ്ങൾ ബാക്കിയുണ്ട്. എന്നാൽ അടുത്തതായി സിംഗപ്പൂരിനെ നേരിടുന്ന മത്സരമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. ഓരോ ചുവടായി മുന്നോട്ട് വെക്കണം,' പരിശീലകൻ ഖാലിദ് ജമീൽ പറഞ്ഞു.

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർമീത് സിങ്, ഗുർപ്രീത് സിങ് സന്ധു.

ഡിഫൻഡർമാർ: അൻവർ അലി, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ.

മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം.

ഫോർവേഡുകൾ: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്