കൊച്ചി: മലയാളി യുവതാരം സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഈ വിങ്ങർ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങി വരവ് കൂടിയാണിത്. സലാഹുദ്ദീന്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് ക്ലബ്ബ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്.

24കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരം കൂടിയാണ്. എന്നാൽ 2021ൽ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റിലീസ് ചെയ്യുകയും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരത്തെ സ്വന്തമാക്കുകയുമായിരുന്നു. വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവുമാണ് വിങ്ങുകളിൽ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും നിർണായക അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന്റെ മുന്നേറ്റങ്ങളിൽ ഗുണകരമാകും.

മോഹൻ റിസേർവ് ടീം സ്‌ക്വാഡിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു അദ്നാൻ. താരത്തെ കഴിഞ്ഞ സീസൺ മുന്നോടിയായി മോഹൻ ബഗാൻ ഐഎസ്എൽ മെയിൻ സ്‌ക്വാഡിലേക്ക് പ്രൊമോട്ട് ചെയ്തിരുന്നു. "സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്യാൻ താല്പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ. അഭിക് ചാറ്റർജി പറഞ്ഞു.