വാൻകൂവർ: പരാഗ്വേ മധ്യനിര താരം ആന്ദ്രെസ് ക്യൂബാസിന് യാത്രാരേഖകളിലെ തടസ്സം കാരണം നിർണ്ണായകമായ മത്സരങ്ങൾ നഷ്ടമാകും. എസ്എ, മെക്സിക്കോ എന്നീ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കാണ് ക്യൂബാസിന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. പരാഗ്വേ ദേശീയ ടീം മാനേജർ ഗുസ്താവോ അൽഫാരോ ഈ വിവരം സ്ഥിരീകരിക്കുകയും, വിസ പ്രശ്‌നങ്ങൾ കാരണമാണ് ക്യൂബാസ് ക്യാമ്പിൽ എത്താൻ വൈകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. 32 തവണ ദേശീയ കുപ്പായമണിഞ്ഞ ക്യൂബാസ് ടീമിലെ ഒരു സുപ്രധാന താരമാണ്.

എന്നാൽ താരം പാന്റിന്റെ പോക്കറ്റിൽ നിന്നും പാസ്സ്‌പോർട്ട് എടുക്കാൻ മറന്നതായും ഇത് പിന്നീട് വാഷിംഗ് മെഷീനിൽ ഇട്ട് അലക്കിയപ്പോൾ കേടുപാടുകൾ സംഭവിച്ചതാണ് യാത്ര മുടങ്ങാൻ കാരണമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്ന സ്ഥിരീകരണമാണ് ദേശീയ ടീം അധികൃതരും ക്ലബ്ബും നൽകിയത്.

"അവൻ അത് പാന്റിനുള്ളിൽ മറന്നുവച്ചു. അവിടെ ജോലി ചെയ്യുന്ന സ്ത്രീയും അത് ശ്രദ്ധിച്ചില്ല, അവർ അത് വാഷിംഗ് മെഷീനിൽ ഇട്ടു. അവൻ ശരിക്കും അസ്വസ്ഥനാണ്," താരത്തിന്റെ പിതാവ് ഫ്രാൻസിസ്കോ ക്യൂബാസ് പറഞ്ഞു. പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായി ടീമിന്റെ അന്തിമ സ്ക്വാഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോച്ച്. ഇതിനിടെയാണ് താരത്തിന്റെ യാത്ര മുടങ്ങിയത്. യാത്രാരേഖകൾ സംബന്ധിച്ച ഈ തടസ്സം താൽക്കാലികമാണെന്നും, ദിവസങ്ങൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്നും വാൻകൂവർ വൈറ്റ്‌ക്യാപ്‌സ് വൃത്തങ്ങൾ അറിയിച്ചു.

വാനകൂവറിൽ നിന്ന് പരാഗ്വേ ടീമിനൊപ്പം ചേരേണ്ടിയിരുന്ന ക്യൂബാസ്, ഏറ്റവും പുതിയ യാത്രാരേഖകൾക്കായി ശ്രമം നടത്തുകയാണെങ്കിലും, മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ടീമിനൊപ്പം എത്താൻ കഴിയില്ലെന്ന് ഉറപ്പായി. താരം നിലവിൽ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിന്റെ പരിശീലനത്തിൽ പങ്കെടുക്കുകയാണ്. യുഎസ്എ, മെക്സിക്കോ എന്നിവർക്കെതിരായ മത്സരങ്ങൾ വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള പരാഗ്വേയുടെ തയ്യാറെടുപ്പുകളിൽ നിർണ്ണായകമായിരുന്നു. പാസ്പോർട്ട് നഷ്ടമായതിനെ തുടർന്ന് ടീമിന്റെ മധ്യനിരയിലെ പ്രധാന ശക്തിയായ ക്യൂബാസിൻ്റെ അഭാവം പരാഗ്വേ ടീമിന് വലിയ തിരിച്ചടിയാകും.