സാൻ്റിയാഗോ: ഫിഫ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ അർജന്‍റീനയും മൊറോക്കോയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ആറു തവണ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിലെത്തിയത്. യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് മൊറോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

2007 ന് ശേഷം ആദ്യമായാണ് അർജന്‍റീന ഈ കിരീട പോരാട്ടത്തിൽ എത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് ഫൈനൽ മത്സരം. പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്റി ആണ് 72-ാം മിനിറ്റിൽ അർജന്‍റീനയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും കൊളംബിയയ്ക്ക് ഗോൾ കണ്ടെത്താനായില്ല.

ശക്തരായ അമേരിക്കയെ ക്വാർട്ടറിൽ അട്ടിമറിച്ചാണ് മൊറോക്കോ സെമിയിലേക്ക് മുന്നേറിയത്. യൂറോപ്യൻ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചത്. മത്സരത്തിന്റെ 32-ാം മിനിറ്റിൽ ലിസാൻഡ്രോ ഓൽമേറ്റയുടെ പെനാൽറ്റി ഗോളിലൂടെ മൊറോക്കോ മുന്നിലെത്തി. എന്നാൽ 59-ാം മിനിറ്റിൽ ലൂക്കാസ് മിച്ചൽ ഫ്രാൻസിനായി സമനില ഗോൾ നേടി. അധികസമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്ന് നടന്ന ഷൂട്ടൗട്ടിലാണ് മൊറോക്കോ വിജയം കൈവരിച്ചത്.