ബ്രൂഗ്സ്: ക്ലബ് ബ്രൂഗിനെതിരായ ആധികാരിക ജയത്തോടെ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ആഴ്സണൽ. നോണി മാഡ്യൂകെയുടെ ഇരട്ടഗോളുകളുടെയും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഒരു ഗോളിന്റെയും മികവിൽ 3-0ന് ക്ലബ് ബ്രൂഗിനെ തകർത്ത ഗണ്ണേഴ്സ്, സീസണിലെ ആറാം ജയത്തോടെ അവസാന പതിനാറിലേക്ക് യോഗ്യത ഉറപ്പിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.

സെൻട്രൽ ബെൽജിയത്തിലെ യാൻ ബ്രെയ്ഡൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പരിക്കുകൾ അലട്ടിയ ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് ആഴ്സണൽ കളത്തിലിറങ്ങിയത്. വാരാന്ത്യത്തിൽ ആസ്റ്റൺ വില്ലയോട് തോറ്റതിന്റെ നിരാശ മറികടന്ന് മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി അരമണിക്കൂറോളം കളിച്ചതും ടീമിന് ആശ്വാസമായി.

ആദ്യ പകുതിയുടെ 25-ാം മിനിറ്റിൽ നോണി മാഡ്യൂകെയാണ് ആഴ്സണലിനായി ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. പകുതി വരയിൽ പന്ത് സ്വീകരിച്ച് മുന്നേറി ബോക്സിന് പുറത്ത് നിന്ന് മാഡ്യൂകെ തൊടുത്ത അതിശക്തമായ ഷോട്ട് വലയുടെ വലത് മൂലയിലേക്ക് തുളച്ചുകയറി. 39-ാം മിനിറ്റിൽ അലക്സാണ്ടർ സ്റ്റാൻകോവിച്ചിലൂടെ ബ്രൂഗ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ഡേവിഡ് റായയുടെ രണ്ട് നിർണായക സേവുകളും ആദ്യ പകുതിയിൽ ആഴ്സണലിന് തുണയായി. ക്രിസ്റ്റോസ് സോളിസിന്റെയും സ്റ്റാൻകോവിച്ചിന്റെയും ഷോട്ടുകൾ റായ തട്ടിയകറ്റി.

എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രൂഗിന്റെ പ്രതിരോധത്തെ ഞെട്ടിച്ച് മാഡ്യൂകെ തന്റെ രണ്ടാം ഗോളും നേടി. 47-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡി ഇടതുവശത്ത് നിന്ന് നൽകിയ ക്രോസ് പ്രതിരോധ താരങ്ങളെ മറികടന്ന് മാർക്ക് ചെയ്യപ്പെടാതെ നിന്ന മാഡ്യൂകെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആഴ്സണൽ 2-0ന് മുന്നിലെത്തി. പിന്നീട് ഗബ്രിയേൽ മാർട്ടിനെല്ലി കൂടി ഗോൾ നേടിയതോടെ ആഴ്സണൽ 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.