ലണ്ടൻ: പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ആഴ്സണലിന് തകർപ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഴ്‌സണൽ ലീഡ്സിനെ തകർത്തത്. എന്നാൽ, സൂപ്പർ താരങ്ങളായ ബുക്കായോ സാക്കയ്ക്കും നായകൻ മാർട്ടിൻ ഓഡഗാർഡിനും പരിക്കേറ്റത് ആഴ്സണണലിന്റെ വരും മത്സരങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

മത്സരത്തിൽ ആധിപത്യം പുലർത്തിയ ആഴ്സണലിനായി വിക്ടർ ഗ്യോകെരസും യൂറിയൻ ടിംബറും ഇരട്ടഗോളുകൾ വീതം നേടി. ടീമിന്റെ സമ്പൂർണ്ണ മികവ് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ഇത്. അരങ്ങേറ്റ മത്സരം കളിച്ച മാക്സ് ഡോവ്മാൻ ഒരു പെനാൽറ്റി നേടിയതും ശ്രദ്ധേയമായി. സാക്കയുടെയും, ഓഡഗാർഡിന്റെയും പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

തുടക്കത്തിൽ ലീഡ്‌സ് പ്രതിരോധം പിടിച്ചുനിന്നെങ്കിലും ഡെക്ലാൻ റൈസ് എടുത്ത സെറ്റ് പീസിൽ നിന്ന് പന്ത് വലയിലെത്തിച്ച് ടിംബറാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അധികസമയത്ത് സാക്ക ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സ്വീഡിഷ് താരം വിക്ടർ ഗ്യോകറെസ് ക്ലബ്ബിനായുള്ള തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. 53-ാം മിനിറ്റിൽ പരിക്കേറ്റ സാക്ക പുറത്തുപോയെങ്കിലും ആഴ്സണൽ ആക്രമണം തുടർന്നു. ടിംബർ തൻ്റെ രണ്ടാം ഗോൾ നേടി സ്കോർ 4-0 ആക്കി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആഴ്സണലിനായി അരങ്ങേറ്റം കുറിച്ച 15-കാരൻ മാക്സ് ഡൗമാൻ നേടിയെടുത്ത പെനാൽറ്റി ഗോളാക്കി മാറ്റി ഗ്യോകറെസ് ടീമിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.'സീസണിലെ ആദ്യ ഹോം മത്സരം മികച്ച രീതിയിൽ തുടങ്ങാനായത് വളരെ നല്ല കാര്യമാണ്. ടീം മികച്ച പ്രകടനം കാഴ്ചവെച്ചു, അഞ്ച് ഗോളുകളും ഒരു ക്ലീൻ ഷീറ്റും മികച്ച തുടക്കം നൽകുന്നു,' മത്സരശേഷം ആഴ്സണൽ മാനേജർ മൈക്കിൾ ആർട്ടെറ്റ പറഞ്ഞു. എന്നാൽ, കളിക്കാർക്കേറ്റ പരിക്കിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.