ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേയിൽ ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ഞായറാഴ്ച നടക്കുന്ന ഈ ഗ്ലാമർ പോരാട്ടത്തിലാണ് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ. സീസണിൽ ഇതുവരെ തോൽവി അറിയാതെ കുതിക്കുന്ന ആഴ്സണൽ, ആൻഫീൽഡിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്നത് ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ്. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഈ മത്സരം ജയിക്കാനായാൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ അവസരമുണ്ട്.

2012-ന് ശേഷം ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിക്കാൻ ആഴ്സണലിന് സാധിച്ചിട്ടില്ല. ഇരു ടീമുകൾക്കും പ്രധാന കളിക്കാർ പരിക്കിന്റെ പിടിയിലാണെന്നത് മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നു. ആഴ്സണലിന്റെ ബുകായോ സക, ഒഡേഗാർഡ് എന്നിവരും ലിവർപൂളിന്റെ ഫ്രിംപോങും കളിക്കാൻ സാധ്യതയില്ല.

ലിവർപൂൾ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയിരുന്നു. എന്നാൽ ടീമിന്റെ പ്രതിരോധ നിരയിലെ പോരായ്മകൾ ലിവർപൂളിന് വെല്ലുവിളിയാകും. ന്യൂകാസിലിനെതിരെ 3-2 നായിരുന്നു ലിവർപൂൾ ജയിച്ചത്. ബേൺമൗത്തിനെതിരായ ആദ്യ മത്സരത്തിലും ക്ലീൻ ചീറ്റ് നേടാൻ ടീമിനായിരുന്നില്ല. ശക്തമായ പ്രതിരോധ നിരയുള്ള ആഴ്സണലിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. ടൂർണമെന്റിൽ മികച്ച ഫോമിലാണ് സാലിബയും, ഗബ്രിയേലും നയിക്കുന്ന പ്രതിരോധ നിര.

ഈ സീസണിൽ ആഴ്സണൽ ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 ന് തോൽപ്പിച്ചപ്പോൾ, ലീഡ്‌സ് യുണൈറ്റഡിനെ 5-0 ന് തകർത്തു. ടോട്ടനം ഹോട്ട്‌സ്‌പർസിനൊപ്പം ക്ലീൻ ഷീറ്റ് നേടിയ രണ്ട് ടീമുകളിൽ ഒന്നാണ് ആഴ്സണൽ. ശക്തമായ ആക്രമണനിരയാണ് ലിവർപൂളിന്റെ ശക്തി. മികച്ച പ്രതിരോധ നിരയുള്ള ടീമുമായി ഏറ്റുമുട്ടുമ്പോൾ ആൻഫീൽഡിൽ മികച്ച പോരാട്ടം തന്നെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കിരീടം നേടാൻ സാധിക്കാത്തതിന്റെ സമ്മർദ്ദം ആഴ്സണലിനുണ്ട്. വിക്ടർ ഗ്യോക്കറസ്, മാർട്ടിൻ സുബിമെൻഡി, നോനി മാഡ്യൂക്ക്, എബെറെച്ചി എസെ തുടങ്ങിയ പുതിയ താരങ്ങളുടെ സൈനിങ്‌ ആഴ്‌സണൽ നിരയെ ഒന്ന് കൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്.