കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. നടപ്പുസീസൺ അവസാനിക്കുന്നതുവരെയാണ് കരാർ. ഇന്ത്യൻ ഫുട്ബോളിന്റെ ചടുലതയും തന്ത്രങ്ങളും ഹൃദിസ്ഥമാക്കിയ വെസ്റ്റ്‌വുഡിന്റെ വരവ് ക്ലബ്ബിന് പുതിയ ഉണർവാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ വെസ്റ്റ്‌വുഡ്, ബെംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പിലേക്കും നയിച്ച ചരിത്രമുള്ള പരിശീലകനാണ്. മുൻപ് എടികെ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

"ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ടീമിന് വലിയ മുതൽക്കൂട്ടാകും. ബാക്കിയുള്ള മത്സരങ്ങളിൽ വെസ്റ്റ്‌വുഡിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു." ബ്ലാസ്റ്റേഴ്‌സ് സിഇഓ അഭിക് ചാറ്റർജി പറഞ്ഞു.

കൊച്ചിയിലെത്തിയ വെസ്റ്റ്‌വുഡ് ഉടൻ തന്നെ ടീമിന്റെ ചുമതലയേൽക്കും. വലിയ ആരാധകപിന്തുണയുള്ള ക്ലബ്ബിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ താൻ ബോധവാനാണെന്നും, കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും അടുത്തറിയുന്നതിനും പരിശീലനം ആരംഭിക്കുന്നതിനുമാണ് തന്റെ മുൻഗണനയെന്നും അദ്ദേഹം പ്രതികരിച്ചു. വരും ദിവസങ്ങളിൽ ടീം പരിശീലനം പുനരാരംഭിക്കുന്നതോടെ ആഷ്‌ലി വെസ്റ്റ്‌വുഡ് പൂർണ്ണമായും ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കും.

സ്പാനിഷ് കരുത്തിൽ വലിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത്. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കറ്റാല മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ടീം നിഷ്പ്രഭമായി. സൂപ്പർ കപ്പിൽ നോക്കൗട്ട് കാണാതെ പുറത്തായ ടീമിന് ഐഎസ്എല്ലിലും കാലിടറി.

നിലവിൽ ഐഎസ്എൽ പന്ത്രണ്ടാം സീസണിലെ പോയിന്റ് പട്ടികയിൽ 14 ടീമുകളിൽ 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരായ സമനിലയിൽ നിന്ന് ലഭിച്ച ഒരേയൊരു പോയിന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ മുഹമ്മദൻ സ്പോർട്ടിങ്ങിന് തൊട്ടുമുകളിലുള്ള ബ്ലാസ്റ്റേഴ്‌സ്, ചരിത്രത്തിലാദ്യമായി റെലഗേഷൻ ഭീഷണി കൂടി നേരിടുന്ന സാഹചര്യത്തിലാണ് വെസ്റ്റ്‌വുഡിന്റെ വരവ്.

കഴിഞ്ഞ സീസണിലും സമാനമായ പ്രതിസന്ധിയിലൂടെ ബ്ലാസ്റ്റേഴ്‌സ് കടന്നുപോയിരുന്നു. അന്ന് വിദേശ പരിശീലകൻ മൈക്കൽ സ്റ്റാറേയെ മാറ്റി സഹപരിശീലകൻ ടി.ജി. പുരുഷോത്തമന് ചുമതല നൽകിയതോടെ അഞ്ചാം സ്ഥാനത്തെത്തി ടീം അഭിമാനം കാത്തു. സമാനമായ ഒരു തിരിച്ചുവരവാണ് മാനേജ്‌മെന്റും ആരാധകരും ഇപ്പോൾ വെസ്റ്റ്‌വുഡിലൂടെ സ്വപ്നം കാണുന്നത്.