ദോഹ: എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ബഹ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ദോഹയിലെ സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം മുഹമ്മദ് സുഹൈലും ശിവാൾഡോയുമാണ് ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോളുകൾ നേടിയത്.

32-ാം മിനിറ്റിൽ മൈതാനമധ്യത്തിൽ നിന്ന് നിക്സൺ നൽകിയ പാസ് സ്വീകരിച്ച്, പ്രതിരോധ താരങ്ങളെ മറികടന്ന് മുഹമ്മദ് സുഹൈൽ മികച്ചൊരു ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന് ശേഷം തിരിച്ചടിക്കാൻ ബഹ്‌റിൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധ നിര ശക്തമായി നിലയുറപ്പിച്ചു. ഇഞ്ചുറി ടൈമിലാണ് ഇന്ത്യയുടെ രണ്ടാം ഗോൾ പിറന്നത്. ഇടതു വിങ്ങിലൂടെയുള്ള എം.എസ്. ശ്രീക്കുട്ടന്റെ പാസ് കൃത്യമായി സ്വീകരിച്ച ശിവാൾഡോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഇന്ത്യ മൂന്നു പോയിന്റോടെ മുന്നിലെത്തി. ഗ്രൂപ്പിൽ ഇന്ത്യയോടൊപ്പം ബഹ്‌റിൻ, ആതിഥേയരായ ഖത്തർ, ബ്രൂണൈ എന്നിവരുമാണുള്ളത്. അടുത്ത മത്സരത്തിൽ ഖത്തറിനെയാണ് ഇന്ത്യ നേരിടുക. സൗദി അറേബ്യയിൽ നടക്കുന്ന 2026 ലെ ടൂർണമെന്റിലേക്ക് ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും യോഗ്യത നേടും.