ന്യൂഡൽഹി: പുതുവർഷത്തിൽ പുതിയ ദൂരം കൈവരിക്കാൻ ഒളിപിക്സ് ജാവലിൻ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. ഡയമണ്ട് ലീഗ് ഫൈനലിലെ സ്വർണ നേട്ടം ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 89.94 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. ദേശീയ റെക്കോർഡും ഇതുതന്നെ. 90 മീറ്റർ എപ്പോൾ മറികടക്കുമെന്ന ചോദ്യം അവസാനിപ്പിക്കുകയാണ് ഈ വർഷം തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ അത്‌ലറ്റിക്സിന്റെ മുഖമായ നീരജ് പറയുന്നു

ടോക്കിയോ ഒളിംപിക്സ് ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് മാറി. ടോക്കിയോയിൽ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം. പോയ വർഷത്തിലും നീരജ് ചരിത്രം കുറിച്ചു. ആദ്യം ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്.

അഞ്ജു ബോബി ജോർജ്ജിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമായി ഇതോടെ നീരജ്. കൂടാതെ സൂറിച്ച് ഡമണ്ട് ലീഗ് ഫൈനലിൽ ഒന്നാമതെത്തിയും നീരജ് ചരിത്രം കുറിച്ചു. സൂറിച്ചിൽ രണ്ടാം ശ്രമത്തിൽ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തിയത്.

നേട്ടത്തിനായി കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഇരുപത്തിയഞ്ചുകാരനായ നീരജ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പുമാണ് ഈ വർഷം നീരജിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ. 2024ൽ പാരീസിൽ ഒളിംപിക്സ് സ്വർണം നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയും നീരജിന് മുന്നിലുണ്ട്.

ഒളിംപിക്സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനിൽ നീരജ് ചോപ്ര സ്വർണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയിൽ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരം പിന്നിട്ട് സ്ഥാനം നിലനിർത്തി. മൂന്നാം ശ്രമത്തിൽ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങൾ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തിരുന്നില്ല.