ലൗസേൻ: ലൗസേൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ജാവലിൽ ത്രോയിൽ 89.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ഒന്നാമതെത്തിയത്.

ആദ്യ ശ്രമത്തിൽ തന്നെ 89.09 മീറ്റർ കണ്ടെത്താൻ നീരജിന് സാധിച്ചു. 85.88 മീറ്റർ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റർ എറിഞ്ഞ അമേരിക്കയുടെ കുർട്വ തോംപ്സൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

പരിക്കിൽ നിന്ന് മുക്തനായശേഷം നീരജ് പങ്കെടുത്ത ആദ്യ മത്സരമാണിത്. പരിക്കുമൂലം താരത്തിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടമായിരുന്നു. ഈ വിജയത്തോടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാൻ നീരജിന് സാധിച്ചു. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും നീരജ് സ്വന്തമാക്കി.

ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവർക്കാണ് ഡയമണ്ട് ലീഗ് ഫൈനൽസിലേക്കുള്ള പ്രവേശനം. സെപ്റ്റംബർ 7,8 തീയതികളിലായി ഫൈനൽ നടക്കും.