കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. 266 പോയന്റോടെയാണ് പാലക്കാട് കിരീടത്തിൽ മുത്തമിട്ടത്. പാലക്കാടിന്റെ തുടർച്ചയായ മൂന്നാം കിരീടമാണിത്. ആദ്യ ദിനം മുതൽ കുതിപ്പ് തുടങ്ങിയ പാലക്കാട്, തങ്ങളുടെ ഹാട്രിക് കീരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളേക്കാൾ ബഹുദൂരം മുന്നിലുള്ള പാലക്കാടിന് 266 പോയിന്റോടെയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമതുള്ള മലപ്പുറത്തിന് 168 പോയിന്റാണുള്ളത്.

ചാംപ്യന്മാർ 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും നേടിയപ്പോൾ, മലപ്പുറം 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവും നേടി. 95 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നാലാമതുള്ള എറണാകുളത്തിന് 88 പോയിന്റാണ്.

അതേസമയം, ആദ്യ പത്തിൽ പോലും ഇടമില്ലാതിരുന്ന മലപ്പുറത്തെ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്‌കൂൾ തുടർച്ചയായ രണ്ട് വർഷവും സ്‌കൂളുകളിലെ ചാംപ്യന്മാരാകുന്ന കാഴ്ചയാണ്. ചാംപ്യൻപട്ടത്തിനായി കോതമംഗലം മാർ ബേസിലും ഐഡിയലുമായിരുന്നു പരസ്പരം മത്സരിച്ചത്. 57 പോയിന്റുമായി ഐഡിയൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന മാർ ബേസിൽ 47 പോയിന്റുമായി ഇത്തവണ രണ്ടാം സ്ഥാനം നേടി.

അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങൾ സ്വന്തമാക്കിയത്. മാർ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഐഡിയൽ ഒന്നാമതെത്തിയത്. രണ്ട് മീറ്റ് റെക്കോർഡുകളാണ് ഇന്ന് പിറന്നത്. സീനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ കാസർകോടിന്റെ സർവൻ റെക്കോർഡോടെ സ്വർണം നേടി. സീനിയർ 800 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന്റെ കെ ബിജോയിയും മീറ്റ് റെക്കോർഡ് കുറിച്ചു. ഇത്തവണത്തെ കായിക മേളയിൽ ആകെ ആറ് മീറ്റ് റെക്കോർഡുകളാണ് ഇത്തരത്തിൽ പിറന്നത്.

സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും കാസർകോടിന്റെ കെ.സി.സർവൻ, സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാടിന്റെ പി. അഭിറാം, സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ അനുപ്രിയ, ജൂനിയർ വിഭാഗം ഹർഡിൽസിൽ പാലക്കാടിന്റെ കെ.കിരൺ, സീനിയർ വിഭാഗം 800 മീറ്ററിൽ പാലക്കാടിന്റെ ജെ.ബിജോയ് എന്നിവർ മീറ്റ് റെക്കോഡുകൾ തിരുത്തി.