- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 മീറ്ററില്‍ പിഴച്ചു; സ്വപ്ന നേട്ടത്തിലേക്ക് കുതിച്ചത് 200 മീറ്ററില്‍; ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിനൊപ്പം റെക്കോഡ് പങ്കിടാന്‍ ഇനി യു എസ് താരവും; നോഹ ലൈല്‍സിന് ലോക അത്‌ലറ്റിക് മീറ്റിലെ നാലാം സ്വര്‍ണ്ണം
നോഹ ലൈല്‍സിന് ലോക അത്‌ലറ്റിക് മീറ്റിലെ നാലാം സ്വര്‍ണ്ണം
ടോക്കിയോ: ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിനൊപ്പം ചരിത്രത്തിലേക്ക് ഓടിക്കയറാമെന്ന പ്രതീക്ഷയോടെയാണ് യു എസ് താരം നോഹ ലൈല്‍സ് ഇത്തവണ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററിനായി ട്രാക്കിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
പക്ഷെ വിട്ടുകൊടുക്കാന്‍ നോഹ ലൈല്‍ സ് ഒരുക്കമായിരുന്നില്ല. തന്റെ സ്വപ്നത്തിലേക്ക് കുതിച്ച് പാഞ്ഞ യുഎസ് താരത്തിന് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണം.19.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലൈല്‍സ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഇതോടെ ലോക ചാംപ്യന്‍ഷിപ് 200 മീറ്ററില്‍ 4 സ്വര്‍ണമെന്ന റെക്കോര്‍ഡില്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിനൊപ്പമെത്താനും നോഹ ലൈല്‍സിനായി.
2023ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററിലും സ്വര്‍ണം നേടിയ ലൈല്‍സ് ഇത്തവണ 100 മീറ്ററില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ലൈല്‍സ് ജേതാവായപ്പോള്‍ 19.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത യുഎസിന്റെ തന്നെ കെന്നി ബഡ്‌നറിക്കിനാണ് വെള്ളി. 19.64 സമയം കൊണ്ട് ഓടിയെത്തിയ ജമൈക്കയുടെ ബ്രയാന്‍ ലെവെല്ലിനാണ് വെങ്കലം.
അതേസമയം വനിതാ 200 മീറ്ററില്‍ സ്വര്‍ണം നേടിയ മെലീസ ജെഫേഴ്‌സന്‍ ടോക്കിയോയില്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു.