ടോക്യോ: ടോക്യോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ സ്പ്രിന്റ് റാണിയായി അമേരിക്കന്‍ താരം മെലീസ ജെഫേഴ്‌സണ്‍.വനിതകളുടെ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും താരം സ്വര്‍ണം നേടി 21.68 സെക്കന്‍ഡിലാണ് മെലിസയുടെ ഫിനിഷ്. 2013ല്‍ ഷെല്ലി ആന്‍ഫ്രേസറിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഡബിള്‍ നേടുന്ന ആദ്യ വനിതാ താരമാണ് മെലിസ.

ഇതേ ഇനത്തില്‍ 22.14 സെക്കന്‍ഡില്‍ ഓടിയെത്തിയ ബ്രിട്ടന്റെ അമി ഹണ്ട് വെള്ളിയും 200 മീറ്ററിലെ നിലവിലെ ലോകചാമ്പ്യനായ ജമൈക്കയുടെ ഷെറീക്ക ജാക്‌സണ്‍ 22.18 സെക്കന്‍ഡില്‍ മൂന്നാമതുമായി.

അതേ സമയം വനിതകളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ ഹോളണ്ടിന്റെ ഫെംകെ ബോല്‍ സ്വര്‍ണം നിലനിറുത്തി. 51.54 സെക്കന്‍ഡാണ് ബോലിന്റെ സമയം. 52.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജാസ്മിന്‍ ജോണ്‍സ് വെള്ളിയും 53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സ്‌ളൊവാക്യയുടെ എമ്മ വെങ്കലവും നേടി.പുരുഷ 400 മീറ്റര്‍ ഹഡില്‍സില്‍ അമേരിക്കയുടെ റായ് ബെഞ്ചമിനാണ് സ്വര്‍ണം. സമയം 46.52 സെക്കന്‍ഡ്. പുരുഷ ട്രിപ്പിള്‍ ജമ്പില്‍ 17.91 മീറ്റര്‍ ചാടിയ പോര്‍ച്ചുഗലിന്റെ പെഡ്രോ പിച്ചാഡോ സ്വര്‍ണം നേടി.