- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മിസ്സ് റ്റു മിസിസ്സ്'; 'സ്‌നേഹം നിങ്ങളെ വിളിക്കുമ്പോള്‍ അവനെ അനുഗമിക്കുക, കാരണം സ്‌നേഹം തന്നെയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല'; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍
ഹൈദരാബാദ്: ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധു വിവാഹിതയാകുകയാണ്. പ്രമുഖ സോഫ്‌റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസ് എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായി ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മിസ്സ് റ്റു മിസിസ്സ് എന്നെഴുതിയ ബോര്‍ഡിനരികില്‍ വിവാഹമോതിരം കൈമാറുന്ന പിവി സിന്ധുവിനെയും പ്രതിശ്രുത വരന്‍ വെങ്കടദത്ത സായിയെയും ചിത്രത്തില്‍ കാണാം. സിന്ധുതന്നെയാണ് ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ചത്. ഖലീല്‍ ജിബ്രാന്റെ കവിതാശകലം അടിക്കുറിപ്പായി നല്‍കിയിട്ടുമുണ്ട്. 'സ്‌നേഹം നിങ്ങളെ വിളിക്കുമ്പോള്‍ അവനെ അനുഗമിക്കുക, കാരണം സ്‌നേഹം തന്നെയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല' - എന്നാണ് കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 22-ന് രാജസ്ഥാനിലെ ഉദയ്പുരിലായിരിക്കും വിവാഹം. 20-ാം തീയതി ചടങ്ങുകള്‍ ആരംഭിക്കും. 24-ന് ഹൈദരാബാദില്‍ വിവാഹ സത്കാരം നടക്കും.
29-കാരിയായ സിന്ധു 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയിരുന്നു. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഒരു സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുള്ള സിന്ധു കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. കഴിഞ്ഞദിവസം സെയ്ദ് മോദി ടൂര്‍ണമെന്റിലെ വനിതാ കിരീടം നേടി ഫോം വീണ്ടെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ജനുവരിയില്‍ മത്സരവേദിയിലേക്ക് എത്താനാണ് സിന്ധുവിന്റെ തീരുമാനം. മുന്‍ ദേശീയ വോളിബാള്‍ താരങ്ങളായ പി.വി രമണയുടേയും പി.വിജയയുടേയും മകളാണ് സിന്ധു.