ബ്രൂഗസ്: ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തിരിച്ചടി. ബെൽജിയൻ ക്ലബ് ബ്രൂഗിനെതിരെ നടന്ന മത്സരത്തിൽ 3-3 എന്ന സ്കോറിന് സമനില വഴങ്ങിയതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പട്ടികയിൽ 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബ്രൂഗിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റുകളിൽ തന്നെ ബ്രൂഗ് മുന്നിലെത്തി. ആറാം മിനിറ്റിൽ നിക്കോളോ ട്രെസോൾഡിന്റെ ഗോളിലൂടെ ബ്രൂഗ് ലീഡ് നേടി. എന്നാൽ, തൊട്ടടുത്ത നിമിഷം ഫെറാൻ ടോറസ് ബാഴ്സയെ ഒപ്പമെത്തിച്ചു. 17-ാം മിനിറ്റിൽ കാർലോസ് ഫോർബ്സിന്റെ ഗോളിലൂടെ ബ്രൂഗ് വീണ്ടും മുന്നിലെത്തി. ആദ്യ പകുതി 2-1ന് ബ്രൂഗായിരുന്നു ലീഡിൽ.

രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച ബാഴ്സയെ 61-ാം മിനിറ്റിൽ യുവതാരം ലമീൻ യമാലിന്റെ ഗോൾ പ്രതീക്ഷ നൽകി. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ കാർലോസ് ഫോർബ്സ് വീണ്ടും ബാഴ്സയെ ഞെട്ടിച്ചു. 3-2ന് പിന്നിലായ ബാഴ്സയെ സമനിലയിലേക്ക് നയിച്ചത് ക്രിസ്റ്റോസ് സോളിസിന്റെ സെൽഫ് ഗോളായിരുന്നു. അവസാന നിമിഷങ്ങളിൽ ബ്രൂഗ് നാലാം ഗോൾ നേടിയെങ്കിലും വാർ (VAR) സഹായത്തോടെ ബാഴ്സ രക്ഷപ്പെടുകയായിരുന്നു.

ഈ സമനിലയോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ബാഴ്സലോണ ഗ്രൂപ്പിൽ 11ാം സ്ഥാനത്തേക്ക് വീണു. വിജയകുതിപ്പ് തുടർന്ന മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു. എർലിങ് ഹാലൻഡ്, ഫിൽ ഫോഡൻ (രണ്ട് ഗോളുകൾ) എന്നിവർ സിറ്റിക്കായി ഗോൾ നേടി. നിലവിൽ 12 പോയിന്റ് വീതം നേടി ബയേണും ആഴ്സനലും ഇന്റർ മിലാനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.