- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് തോൽവി; സെന്റ് ജെയിംസ് പാർക്കിലെ ആവേശപ്പോരിൽ ന്യൂകാസിൽ യുണൈറ്റഡിന് 2-1ന്റെ തകർപ്പൻ ജയം; ഹാർവി ബാൺസിന് ഇരട്ടഗോൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ന്യൂകാസിൽ യുണൈറ്റഡ്. ആവേശപ്പോരിൽ 2-1നായിരുന്നു ന്യൂകാസിലിന്റെ ജയം. സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഹാർവി ബാൺസിന്റെ ഇരട്ട ഗോളുകളാണ് അവർക്ക് മിന്നും വിജയം സമ്മാനിച്ചത്.
ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും, രണ്ടാം പകുതിയിൽ മത്സരം ആവേശത്തിലായി. 63-ാം മിനിറ്റിൽ മനോഹരമായ ഒരു ഫിനിഷിലൂടെ ബാൺസ് ന്യൂകാസിലിനെ മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം 68-ാം മിനിറ്റിൽ റൂബൻ ഡയസ് സിറ്റിക്കായി സമനില ഗോൾ നേടി. പക്ഷേ, സമനില ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ന്യൂകാസിൽ വീണ്ടും ലീഡെടുത്തു. 70-ാം മിനിറ്റിൽ, ഗോൾമുഖത്ത് ലഭിച്ച അവസരം മുതലാക്കി ബാൺസ് തന്റെ രണ്ടാം ഗോളും വലയിലെത്തിച്ചു. ഈ ഗോൾ വാർ (VAR) പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും റഫറി ഗോൾ വിധിക്കുകയായിരുന്നു.
പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ കിരീട പ്രതീക്ഷകൾക്ക് ഈ തോൽവി കനത്ത തിരിച്ചടിയായി. തോൽവിയോടെ സിറ്റിക്ക് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി നാല് പോയിന്റുകളുടെ വ്യത്യാസമുണ്ട്. മറുവശത്ത്, പരിശീലകൻ എഡ്ഡി ഹൗവിന് ഗ്വാർഡിയോളയ്‌ക്കെതിരെ പ്രീമിയർ ലീഗിൽ ലഭിക്കുന്ന ആദ്യ വിജയമാണിത് എന്ന പ്രത്യേകതയുമുണ്ട്. ഈ വിജയം ന്യൂകാസിലിനെ പോയിന്റ് ടേബിളിൽ 14-ാം സ്ഥാനത്തേക്ക് ഉയർത്തി. വിജയത്തോടെ ന്യൂകാസിലിന് 15 പോയിൻറായി.




