- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് ജയം; ചെൽസിയെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക്; ഹാരി കെയിന് ഇരട്ട ഗോൾ; അത്ലറ്റിക്കോ മഡ്രിഡിനെ പരാജയപ്പെടുത്തി ലിവർപൂൾ; പി.എസ്.ജിയ്ക്കും ഇന്‍റർ മിലാനും ജയം
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്കും, ലിവർപൂളിനും, ഇന്‍റർ മിലാനും ജയം. കരുത്തരായ ചെൽസിയെ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തെറിഞ്ഞു. ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയിനിന്‍റെ ഇരട്ട ഗോളുകളാണ് ബയേണിന് തകർപ്പൻ വിജയം സമ്മാനിച്ചത്.
27ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച താരം, 63ാം മിനിറ്റിലും ഗോൾ നേടി. 20ാം മിനിറ്റിൽ ചെൽസി പ്രതിരോധ താരം ട്രെവോ ചലോബയുടെ വകയായിരുന്നു മറ്റൊരു ഗോൾ. 29-ാം മിനിറ്റിൽ കോൾ പാമർ നേടിയ ഗോളാണ് ചെൽസിയുടെ ആശ്വാസമായത്. ചെൽസി കുപ്പായത്തിൽ പാമറുടെ നൂറാം മത്സരമായിരുന്നു ഇത്. പ്രതിരോധത്തിലെ പിഴവുകളാണ് ചെൽസിയുടെ തോൽവിക്ക് കാരണമായത്.
മറ്റ് മത്സരങ്ങളിൽ, ലിവർപൂൾ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി. പി.എസ്.ജി അർജന്‍റീൻ ക്ലബ് അറ്റലാന്‍റയെ 4-0ന് തകർത്തുവിട്ടപ്പോൾ, ഇന്‍റർ മിലാൻ ഡച്ച് ക്ലബ് അജാക്സിനെ 2-0ന് മറികടന്നു. പി.എസ്.ജിക്കായി മാർക്കിനോസ്, ക്വിച്ച ക്വാരത്സ്ഖേലിയ, ന്യൂനോ മെൻഡിസ്, ഗോൺസാലോ റാമോസ് എന്നിവർ ഗോൾ നേടി.
ലിവർപൂളിനായി ആൻഡ്രൂ റോബർട്സൺ, മുഹമ്മദ് സലാ, വിൽജിൽ വാൻഡേക്ക് എന്നിവർ വലകുലുക്കി. അത്ലറ്റിക്കോയുടെ രണ്ടു ഗോളുകളും മാർക്കോസ് ലോറന്‍റൊയുടെ വകയായിരുന്നു. ഇന്‍ററിനായി മാർക്കസ് തുറാമിയുടെ ഇരട്ട ഗോളുകളാണ് വിജയത്തിൽ നിർണ്ണായകമായത്. ഇന്ന് രാത്രി നടക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണ ന്യൂകാസിൽ യുണൈറ്റഡിനെയും മാഞ്ചസ്റ്റർ സിറ്റി എസ്.എസ്.സി നാപ്പോളിയെയും നേരിടും.