ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ ജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വംശീയ അധിക്ഷേപ പരാതി. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനിടെ തങ്ങളുടെ താരത്തിന് നേരെ വംശീയ അധിക്ഷേപമുണ്ടായതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ ഐഎസ്എൽ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) അധികൃതർക്ക് ബ്ലാസ്റ്റേഴ്‌സ് പരാതി നൽകി.

മത്സരത്തിനിടെ വംശീയ അധിക്ഷേപം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ക്ലബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ഏത് താരത്തിന് നേരെയാണ് അധിക്ഷേപമുണ്ടായതെന്ന് വെളിപ്പെടുത്താൻ ക്ലബ് തയ്യാറായിട്ടില്ല. "ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ല. ഞങ്ങളുടെ താരത്തിന് നേരെയുണ്ടായ ഈ പെരുമാറ്റം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. ബന്ധപ്പെട്ട അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്"– ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിനിടയിലാണ് ആരാധകരെ നിരാശരാക്കുന്ന ഈ വാർത്ത പുറത്തുവരുന്നത്. ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മിന്നും വിജയം. എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ്.

ആദ്യ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇനി സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തും. ഈ മാസം 15-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സ്വന്തം ആരാധകർക്ക് മുന്നിൽ ജയതുടർച്ച ലക്ഷ്യമിട്ടാകും മഞ്ഞപ്പട ബൂട്ടു കെട്ടുക.