- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കളിമറന്ന് ലിവർപൂൾ; ബ്രെന്റ്ഫോഡിനോട് പരാജയപ്പെട്ടത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ചെമ്പടയുടേത് പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം തോൽവി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അടിതെറ്റി ലിവര്‍പൂൾ. ബ്രെന്റ്ഫോർഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ലിവര്‍പൂൾ ലീഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ നേടിയ മിന്നും വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ചെമ്പടക്ക് ബ്രെന്റ്ഫോർഡിന്‍റെ ഹോം ഗ്രൗണ്ടായ ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.
സീസണില്‍ റെക്കോഡ് തുക മുടക്കി കളിക്കാരെ ടീമിലെത്തിച്ചിട്ടും ലീഗില്‍ ലിവര്‍പൂളിന്‍റെ മോശം പ്രകടനം തുടരുകയാണ്. ബ്രെന്റ്ഫോർഡിനെതിരായ തോല്‍വി ലീഗില്‍ ലിവര്‍പൂളിന്‍റെ തുടര്‍ച്ചയായ നാലാം പരാജയമാണ്. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ ബ്രെന്റ്ഫോർഡ് മുന്നിലെത്തി.
ലോങ് ത്രോയില്‍ നിന്ന് ലഭിച്ച അവസരം ഡാങ്കോ ഒട്ടാര ഗോളാക്കി മാറ്റുകയായിരുന്നു. ഈ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ഒട്ടാരയെ ബ്രെന്റ്ഫോർഡ് ടീമിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് 45-ാം മിനിറ്റില്‍ കെവിന്‍ ഷാഡെ ബ്രെന്റ്ഫോർഡിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡാംസ്ഗാര്‍ഡ് നല്‍കിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ഷാഡെ, ലിവര്‍പൂള്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
ഇന്‍ജുറി ടൈമില്‍ ലിവര്‍പൂളിനായി മിലോസ് കെര്‍ക്കസ് ഒരു ഗോള്‍ മടക്കി. ക്ലബിനായുള്ള താരത്തിന്‍റെ ആദ്യ ഗോളാണിത്. ഈ ഗോള്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പകുതിയില്‍ ബ്രെന്റ്ഫോർഡ് വീണ്ടും മുന്നിലെത്തി. 60-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ ഒട്ടാരയെ വാൻ ഡെയ്ക് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഇഗോര്‍ തിയാഗോ ലക്ഷ്യത്തിലെത്തിച്ചു. തുടക്കത്തില്‍ ഫൗള്‍ വിളിച്ചെങ്കിലും വാര്‍ പരിശോധനയിലാണ് ഇത് ബോക്സിനുള്ളിലെ ഫൗളാണെന്ന് കണ്ടെത്തുകയും പെനാല്‍റ്റി അനുവദിക്കുകയും ചെയ്തത്.
89-ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടി. ബ്രെന്റ്ഫോര്‍ഡ് പ്രതിരോധ താരത്തിന്‍റെ പിഴവില്‍ നിന്ന് ലഭിച്ച അവസരം സലാ മുതലാക്കുകയായിരുന്നു. ഹംഗേറിയന്‍ താരം ഡൊമിനിക് സോബോസ്ലായി ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളില്‍ ലിവര്‍പൂള്‍ സമനിലക്കായി ശ്രമിച്ചെങ്കിലും ബ്രെന്റ്ഫോഡ് പ്രതിരോധം ശക്തമായി നിന്നു. ഒടുവില്‍ 3-2 എന്ന സ്കോറിന് ബ്രെന്റ്ഫോർഡ് വിജയം സ്വന്തമാക്കി.




