ലണ്ടൻ: പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലിന് കനത്ത തിരിച്ചടി. ടീമിന്റെ മുഖ്യ താരമായ ബുകായോ സാക്കയ്ക്ക് പരിക്കേറ്റു. നാലാഴ്ചയോളം പുറത്തിരിക്കേണ്ടി വരുന്ന സാക്കയ്ക്ക് ഈ ഞായറാഴ്ച ലിവർപൂളിനെതിരെ നടക്കുന്ന നിർണായക എവേ മത്സരം നഷ്ടമാകും.

ലീഡ്സ് യുണൈറ്റഡിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് 27-കാരനായ സാക്കയുടെ കാലിന് പരിക്കേറ്റത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ആഴ്സണൽ ജയിച്ച മത്സരത്തിൽ വേദനയോടെ താരം കളം വിടുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് പരിശീലകൻ മൈക്കൽ അർറ്റെറ്റ ആദ്യം ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും സ്കാനിംഗ് ഫലങ്ങൾ ആശ്വാസം നൽകുന്നതാണ്.

സീസൺ തുടങ്ങി രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ തന്നെ പരിക്കുകൾ ആഴ്സണലിനെ വലയ്ക്കുകയാണ്. ഇതേ മത്സരത്തിൽ ടീം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിനും വലത് തോളിന് പരിക്കേറ്റിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ലിവർപൂളിനെതിരെ കളിക്കാൻ സാധ്യതയുണ്ടെന്നും ക്ലബ്ബ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കുമ്പോൾ കാൽമുട്ടിന് പരിക്കേറ്റ കായ് ഹാവർട്‌സും നിലവിൽ ടീമിന് പുറത്താണ്.

കഴിഞ്ഞ സീസണിലും പരിക്ക് സാക്കയെ വലച്ചിരുന്നു. വലത് കാലിനേറ്റ പരിക്കിനെ തുടർന്ന് ഡിസംബർ മുതൽ ഏപ്രിൽ ഒന്നുവരെ ഏകദേശം മൂന്നര മാസത്തോളം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. സാക്കയുടെ അഭാവത്തിൽ എബെറെച്ചി എസെ, നോനി മഡൂക്കെ, ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രോസാർഡ് 15-കാരനായ മാക്സ് ഡോവ്മാൻ എന്നിവരെ പരിശീലകൻ പരിഗണിച്ചേക്കും. സീസണിന്റെ തുടക്കത്തിൽ തന്നെ പ്രധാന താരങ്ങൾക്കുണ്ടാകുന്ന തുടർച്ചയായ പരിക്കുകൾ ആഴ്സണലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.