- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയാൻ വില്യംസിന് പിന്നാലെ കൂടുമാറ്റത്തിനൊരുങ്ങി മറ്റൊരു ഇന്ത്യൻ വംശജനായ വിദേശ താരം; നീലക്കുപ്പായത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് കനേഡിയൻ സ്ട്രൈക്കർ ഷാൻ സിങ് ഹുൻഡാൽ
ന്യൂഡൽഹി: ഓസ്ട്രേലിയൻ താരം റയാൻ വില്ല്യംസ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച് നീലക്കുപ്പായത്തിൽ കളിക്കാൻ യോഗ്യത നേടിയതിന് പിന്നാലെ, കനേഡിയൻ സ്ട്രൈക്കർ ഷാൻ സിങ് ഹുൻഡാലും ഇന്ത്യക്കായി കളിക്കാൻ സന്നദ്ധത അറിയിച്ചു. നിലവിൽ കനേഡിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടാൻ താൻ തയ്യാറാണെന്ന് 26 വയസ്സുകാരനായ ഷാൻ ഹുൻഡാൽ വ്യക്തമാക്കി.
കാനഡയിൽ പഞ്ചാബി മാതാപിതാക്കളുടെ മകനായി ജനിച്ച ഷാൻ, കാനഡയുടെ അണ്ടർ 20, അണ്ടർ 18 ടീമുകളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ലയണൽ മെസ്സി കളിക്കുന്ന ഇൻ്റർ മയാമി, വാൻകൂവർ എഫ്.സി. തുടങ്ങിയ പ്രമുഖ ക്ലബുകളിലും കളിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ യോർക്ക് യുണൈറ്റഡ് എഫ്.സി.യുടെ താരമാണ്. വിവിധ പ്രൊഫഷണൽ ക്ലബുകൾക്കായി മികച്ച പ്രകടനവും ഗോളുകളും നേടി ശ്രദ്ധേയനായ താരമാണ് ഷാൻ. ഫോമും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്നതോടെ കാനഡയിലും അമേരിക്കയിലുമായി ഗോളുകൾ അടിച്ചുകൂട്ടുന്ന താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വരവ് എളുപ്പമാകും.
ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്നത് തൻ്റെ കുടുംബത്തിൻ്റെ, പ്രത്യേകിച്ച് പഞ്ചാബിൽ ജനിച്ച മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശൻമാരുടെയും സ്വപ്നമാണെന്ന് ഷാൻ പറഞ്ഞു. ഇന്ത്യക്കായി കളിക്കാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ഇന്ത്യൻ പൗരൻ (OCI) എന്ന നിലയിൽ ഇന്ത്യക്കായി കളിക്കാൻ ഷാനിന് കഴിയും. ഒരു വർഷം ഇന്ത്യയിൽ താമസിക്കുകയും തുടർന്ന് പൗരത്വം നേടി പാസ്പോർട്ട് സ്വന്തമാക്കുകയും ചെയ്യുന്നതോടെ സാങ്കേതിക കടമ്പകൾ പൂർത്തിയാകും. എന്നാൽ, ദേശീയ ടീമിനായി കളിക്കാൻ വേഗത്തിൽ പാസ്പോർട്ട് എങ്ങനെ നേടാമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് താരം സൂചിപ്പിച്ചു.
നിലവിൽ യോർക്ക് യുണൈറ്റഡുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കുന്ന ഷാൻ, അതിനുശേഷം ഇന്ത്യയിലേക്ക് മാറാനാണ് പദ്ധതിയിടുന്നത്. ഒരു വർഷമെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബുകൾക്കായി കളിക്കുന്നതിലൂടെ ഇന്ത്യയിൽ തുടരാമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. നടപടിക്രമങ്ങളെക്കുറിച്ച് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (AIFF) ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കാര്യങ്ങളിൽ അവ്യക്തത തുടരുകയാണെന്നും താരം അറിയിച്ചു.




