മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ സിറ്റിക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) കീഴടക്കിയത്. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ മോശം പ്രകടനം റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുടെ മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിക്ക് കാരണം എംബാപ്പെ കളിച്ചിരുന്നില്ല. എന്നാൽ സൂപ്പർ താരത്തിന്റെ അഭാവത്തിൽ യുവതാരം റോഡ്രിഗോയുടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ വിനീഷ്യസ് ജൂനിയറും ഫെഡെ വാൽവെർഡെയും ആക്രമിച്ച് കളിച്ചു. 28-ാം മിനിറ്റിൽ റയൽ മാഡ്രിഡ് മുന്നിലെത്തി. വിങ്ങിലൂടെയുള്ള മികച്ചൊരു കൗണ്ടർ അറ്റാക്കിനൊടുവിൽ റോഡ്രിഗോയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് സിറ്റി ഗോളിക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. 33 മത്സരങ്ങളിലെ റോഡ്രിഗോയുടെ ഗോൾവരൾച്ചക്ക് ഇതോടെ വിരാമമായി. എന്നാൽ, റയലിന്റെ ഈ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. ആദ്യ ഗോൾ വീണതിന് ശേഷം സിറ്റി നടത്തിയ ശക്തമായ തിരിച്ചടിച്ചു.

35-ാം മിനിറ്റിൽ ജോഷ്‌കോ ഗ്വാർഡിയോളിന്റെ ഹെഡർ റയൽ ഗോളി തിബോ കോർത്വെ തട്ടിയകറ്റിയത് നേരെ ചെന്ന് വീണത് യുവതാരം നികോ ഓ'റെയ്‌ലിയുടെ മുന്നിലേക്ക്. ഈ റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച് ഓ'റെയ്‌ലി സിറ്റിക്ക് സമനില നൽകി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ സമയത്ത്, 43-ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോക്സിനുള്ളിൽ വെച്ച് എർലിംഗ് ഹാളണ്ടിനെ റയൽ പ്രതിരോധ താരം അന്റോണിയോ റൂഡിഗർ വീഴ്ത്തിയതിനാണ് റഫറി വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഹാളണ്ട് യാതൊരു പിഴവുമില്ലാതെ പന്ത് വലയിലെത്തിച്ച് സിറ്റിക്ക് ലീഡ് നൽകി.

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും, സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യുവതാരം എൻഡ്രിക്ക് തൊടുത്ത ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി പുറത്തേക്ക് പോയത് റയലിന് തിരിച്ചടിയായി. മത്സരശേഷം സിറ്റി പരിശീലകൻ പെപ് ഗാർഡിയോള ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. അതേസമയം, ഹോം ഗ്രൗണ്ടിലെ തോൽവിയോടെ റയൽ മാഡ്രിഡ് ലീഗ് ഘട്ടത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.