- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയോട് തോല്‍വി; ബാബര്‍ അസമിനെതിരെ മുന്‍ താരങ്ങള്‍
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എ യിലെ ആദ്യ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയതോടെ പാകിസ്താന്റെ സൂപ്പര്‍ 8 മോഹത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ ഞായറാഴ്ച ഇന്ത്യയോടും അടിയറവ് പറഞ്ഞു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പാകിസ്താന് ജയം അനിവാര്യമായി. തന്നെയുമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളുടെ ഇനിയുള്ള മത്സരഫലത്തെ ആശ്രയിച്ചാണ് പാകിസ്താന്റെ സാധ്യതകള്‍ നില്‍ക്കുന്നത്
ജീവന്മരണപ്പോരാട്ടത്തില് ഇന്ത്യയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന് നായകന് ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി. പാകിസ്ഥാന് ടീമില്‍ എന്തൊക്കെയോ പുകയുന്നുണ്ടെന്നും ലോകകപ്പിനുശേഷം എല്ലാം തുറന്നു പറയുമെന്നും മുന്‍ നായകന് ഷാഹിദ് അഫ്രീദി പറഞ്ഞു. ബാബറിന്റെ നേതൃത്വത്തിലുള്ള ഈ പാകിസ്ഥാന് ടീമിന് സൂപ്പര്‍ 8ല്‍ എത്താന്‍ അര്‍ഹതയില്ലെന്ന് മുന്‍ താരം ഷൊയൈബ് അക്തര്‍ തുറന്നുപറഞ്ഞു.
കടുത്ത വിമര്‍ശനമാണ് ഷാഹിദ് അഫ്രീദി ഉന്നയിച്ചത്. എല്ലാവരെയും കൂടെ നിര്ത്തുന്നയാളാകണം ടീമിന്റെ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍ ടീമിനകത്തെ അന്തരീക്ഷം നശിപ്പിക്കാനും നല്ലൊരു ടീമിനെ കെട്ടിപ്പടുക്കാനുമാകും. ഈ ലോകകപ്പ് ഒന്ന് കഴിയട്ടെ, ബാക്കി കാര്യങ്ങള്‍ ഞാന്‍ അപ്പോള്‍ പറയാം. ഷഹീന് അഫ്രീദിയെ പിന്തുണച്ച് എന്തെങ്കിലും പറഞ്ഞാല്‍ എന്റെ മകളുടെ ഭര്‍ത്താവയതിനാല്‍ ഞാന്‍ പിന്തുണക്കുകയാണെന്ന് പറയും. അതുകൊണ്ട് ഇപ്പോഴൊന്നും പറയുന്നില്ലെന്നും അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ഷഹീന് അഫ്രീദിയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഷഹീന് അഫ്രീദിയെ ടി20 ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഷഹീന് അഫ്രീദിയെ മാറ്റി ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു.
ജയിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരുന്ന പാകിസ്ഥാന് ടീം രാജ്യത്തെ കോടിക്കണക്കിന് ആരാധകരെയാണ് നിരാശരാക്കിയതെന്ന് ഷൊയൈബ് അക്തര്‍ പറഞ്ഞു. ഈ ടീം സൂപ്പര്‍ എട്ടില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
അവസാന ഓവറുകളില്‍ ഏറെ ഡോട്ട്ബോളുകള്‍ കളിച്ച ഇമാദ് വാസിമാണ് പാക് തോല്‍വിക്ക് കാരണക്കാരനെന്ന് മുന്‍ നായകന് ഷൊയൈബ് മാലിക് കുറ്റപ്പെടുത്തി. റണ്ണടിക്കാതെ ഡോട്ട് ബോളുകള്‍ കളിച്ച് കളിച്ച് ഇമാദ് വാസിം ടീമിനെയകെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് മാലിക് പറഞ്ഞു. പാക് ഇന്നിംഗ്സില്‍ 59 ഡോട്ട് ബോളുകളുണ്ടായിരുന്നത്. നാലോവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര 15 ഡോട്ട ബോളുകളാണ് എറിഞ്ഞത്.
പാകിസ്ഥാന് ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. ചിലപ്പോള്‍ മോശം പിച്ചുകളില്‍ നല്ല മത്സരങ്ങള്‍ സംഭവിക്കും. ഇന്നലത്തെ മത്സരം അതുപോലെ ഒന്നായിരുന്നു. ജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലാതെ പോയതാണ് പാക് തോല്‍വിക്ക് കാരണമായതെന്നും വോണ്‍ പറഞ്ഞു.
കാനഡ, അയര്‍ലന്‍ഡ് ടീമുകളെയാണ് പാകിസ്താന് ഇനി നേരിടാനുള്ളത്. ഇതിലേതെങ്കിലും മഴ കാരണം തടസ്സപ്പെട്ടാല്‍ പാകിസ്താന് ഏതാണ്ട് പുറത്താവും. രണ്ട് കളികള്‍ ജയിച്ചുനില്‍ക്കുന്ന യു.എസ്.എ. ഇനി ഒരു കളിയിലും ജയിക്കുകയുമരുത്. ഇന്ത്യ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് യു.എസിന് ഇനി മത്സരങ്ങളുള്ളത്. അതേസമയം കാനഡ ജയിച്ചാലും പാകിസ്താന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കും.
അടുത്ത രണ്ട് കളികള്‍ പാകിസ്താന് ജയിക്കുകയും യു.എസ്.എ.യും കാനഡയും ജയിക്കാതിരിക്കുകയും ചെയ്താല്‍, നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. റണ്‍ റേറ്റില്‍ യു.എസ്.എ.യെ മറികടക്കാനായാല്‍ പാകിസ്താന് സൂപ്പര്‍ എട്ടിലെത്താം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാം. നിലവില്‍ പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.15 ആണ്. രണ്ടുവീതം കളികള്‍ ജയിച്ച ഇന്ത്യക്കും യു.എസ്.എ.ക്കും ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റുണ്ട്.
അതുകൊണ്ടുതന്നെ യു.എസ്.എ.യ്ക്കെതിരേ ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിക്കണമെന്നായിരിക്കും പാകിസ്താന് ആഗ്രഹിക്കുക. അതുവഴി യു.എസ്.എ.യുടെ നെറ്റ് റണ്‍റേറ്റ് കുറയ്ക്കാനാകുമെന്നാണ് പാക് താരങ്ങളുടെ പ്രതീക്ഷ. നിലവില്‍ രണ്ട് കളികളില്‍ രണ്ട് ജയവുമായി ഇന്ത്യയും യു.എസ്സും നാലുപോയിന്റോടെ ഒന്നാമതാണ്. ജയമില്ലാതെ പാകിസ്താന് നാലാമതും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ എട്ടിലെത്തുക.