ലാഹ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്. ഒരു ഇന്നിങ്‌സില്‍ തന്നെ പത്ത് വിക്കറ്റുകളാണ് അന്‍ഷുല്‍ കാംബോജ് നേടിയത്. ഇന്നലെ എട്ട് വിക്കറ്റുകള്‍ നേടിയ താരം ഇന്ന് ശേഷിക്കുന്ന കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി കരസ്ഥമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് അന്‍ഷുല്‍. രഞ്ജി മത്സരത്തില്‍ മൂന്നാമത്തെ താരവും. 30.1 ഓവറില്‍ 9 മെയ്ഡിന്‍ അടക്കം 49 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ 10 വിക്കറ്റ് വീഴ്ത്തിയത്.

1956-57ല്‍ ബംഗാള്‍ താരം പ്രേമാന്‍ശു മോഹന്‍ ചാറ്റര്‍ജി, 1985-86 രഞ്ജി സീസണില്‍ രാജസ്ഥാന്റെ പ്രദീപ് സുന്ദരം എന്നിവരാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അന്‍ഷുല്‍ കാംബോജിന് മുമ്പ് ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളര്‍മാര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ ബൗളറുമാണ് അന്‍ഷുല്‍ കാംബോജ്. അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്‌തെ, ദേബാശിഷ് മൊഹന്തി എന്നിവരും അന്‍ഷുലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇതോടെ മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം ഇന്നലെ ഒരുവേള 158-5ലേക്ക് വീണെങ്കിലും ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികള്‍ കേരളത്തെ രക്ഷിച്ചിരുന്നു. അസറുദ്ദീന്‍ 74 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 146 പന്തില്‍ 52 റണ്‍സെടുത്തു. ഇരുവരും ഇന്നലെ പുറത്താവുകയും ചെയ്തു.

സച്ചിനും അസറുദ്ദീനും പുറമെ അക്ഷയ് ചന്ദ്രന്റെയും ജലജ് സക്‌സേനയുടെയും സല്‍മാന്‍ നിസാറിന്റെയും നിധീഷിന്റെയും വിക്കറ്റുകളാണ് ഇന്നലെ കേരളത്തിന് നഷ്ടമായിരുന്നത്. ബാസിലിന്റെയും ബാസില്‍ തമ്പിയുടെയും വിക്കറ്റാണ് ഇന്ന് കേരളത്തിന് നഷ്ടമായത്. 55 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും വിക്കറ്റുകള്‍ കേരളത്തിന് ആദ്യ ദിനം നഷ്ടമായിരുന്നു.

കേരളത്തിന്റെയും ഹരിയാനയുടെയും അഞ്ചാം മത്സരമാണിത്. ഇരുടീമിനും നാല് കളിയില്‍ രണ്ടുവീതം ജയവും സമനിലയുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ 19 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഹരിയാനയെ പരാജയപ്പെടുത്തിയാല്‍ കേരളത്തിന് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താം.

എഎഫ്സി എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായും അന്‍ഷുല്‍ കാംബോജ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതിന് മുമ്പ് നടന്ന ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കാംബോജ് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറുമായി റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു കാംബോജ്. കഴിഞ്ഞ സീസണില്‍ ഹരിയാ വിജയ് ഹസാരെ ചാമ്പ്യന്‍മാരായപ്പോള്‍ 10 മത്സരങ്ങളില്‍ 17 വിക്കറ്റുമായി കാംബോജ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയിരുന്നു.