മുംബൈ: ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മുംബൈയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരിയാണ് നടിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാസം 'കിഡ്ഡൻ ഡോട്ട് കോമി'ന് നൽകിയ അഭിമുഖത്തിൽ, സൂര്യകുമാർ യാദവ് തനിക്ക് മുമ്പ് ഇടയ്ക്കിടെ സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് ഖുഷി മുഖർജി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സൂര്യകുമാർ യാദവിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അൻസാരി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്ത്യയുടെ അഭിമാനമായ ഒരു താരത്തിനെതിരെ നടി തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ഫൈസാൻ അൻസാരി വ്യക്തമാക്കി.

ഖുഷി മുഖർജിയെ സൂര്യകുമാർ യാദവിനോ അദ്ദേഹത്തിന്റെ വീട്ടിലെ വാച്ച്മാനോ പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് താൻ നേരിട്ടെത്തി ഗാസിപ്പൂരിൽ എഫ്ഐആർ ഫയൽ ചെയ്തതെന്നും അൻസാരി പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഖുഷി മുഖർജിയെ ഏഴ് വർഷം വരെ തടവിലിടണമെന്നും, ആരോപണങ്ങൾ സത്യമാണെന്ന് നടി തെളിയിച്ചാൽ എന്ത് പ്രത്യാഘാതം നേരിടാനും താൻ തയ്യാറാണെന്നും ഫൈസാൻ അൻസാരി വെല്ലുവിളിച്ചു.

സൂര്യകുമാർ യാദവ് വാട്സാപ്പിൽ ചാറ്റ് സന്ദേശങ്ങൾ അയച്ചുവെന്ന പ്രസ്താവന പ്രശസ്തിക്കുവേണ്ടിയുള്ള ഒരു കുറുക്കുവഴിയായി മാത്രമേ കാണാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രസ്താവന വിവാദമായതോടെ ഖുഷി മുഖർജി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.