- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരലേലത്തിനുള്ള അന്തിമ പട്ടികയിൽ ഇടം നേടിയത് 11 മലയാളി താരങ്ങൾ; ഉയർന്ന അടിസ്ഥാന വില കെ.എം. ആസിഫിന്; യോഗ്യത നേടിയവരിൽ കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത ജിക്കു ബ്രൈറ്റും
മുംബൈ: ഐ.പി.എൽ 2026-ന് മുന്നോടിയായുള്ള മിനി താര ലേലത്തിനുള്ള അന്തിമ പട്ടിക ബി.സി.സി.ഐ. പുറത്തുവിട്ടു. 350 കളിക്കാർ ഉൾപ്പെട്ട പട്ടികയിൽ 240 പേർ ഇന്ത്യൻ താരങ്ങളാണ്. 11 മലയാളി താരങ്ങൾ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. മലയാളി താരങ്ങളിൽ പേസർ കെ.എം. ആസിഫിനാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 40 ലക്ഷം രൂപ നിശ്ചയിച്ചിട്ടുള്ളത്.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 15 വിക്കറ്റുകൾ നേടിയ മലപ്പുറം സ്വദേശിയാണ് കെ.എം. ആസിഫ്. മറ്റ് 10 മലയാളി താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. ഓപ്പണർ രോഹൻ കുന്നുമ്മൽ, മധ്യനിര ബാറ്റ്സ്മാൻമാരായ സൽമാൻ നിസാർ, അഹമ്മദ് ഇംറാൻ, പേസർ ഏദൻ ആപ്പിൾ ടോം, ചൈനാമെൻ ബൗളർ വിഘ്‌നേഷ് പുത്തൂർ, ഇടംകൈയൻ സ്പിന്നർ ശ്രീഹരി നായർ, ഓൾറൗണ്ടർമാരായ അബ്ദുൽ ബാസിത്, അഖിൽ സ്കറിയ, മുഹമ്മദ് ഷറഫുദ്ദീൻ എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കേരള സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത ജിക്കു ബ്രൈറ്റും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്ന ജിക്കു, പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനം കൊണ്ടാണ് ശ്രദ്ധ നേടിയത്. പ്രാദേശിക ടെന്നീസ്-ബോൾ ക്രിക്കറ്റിൽ പ്രശസ്തനാണ് 27 വയസ്സുള്ള ജിക്കു.
തുടക്കത്തിൽ രജിസ്റ്റർ ചെയ്ത 1005 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്ന 35 കളിക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് ബി.സി.സി.ഐ. പട്ടിക അംഗീകരിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച പേസർ എം.ഡി. നിധീഷ്, കേരള ടീമിന്റെ മുൻ നായകൻ സച്ചിൻ ബേബി എന്നിവർക്ക് ലേലപ്പട്ടികയിൽ ഇടം നേടാനായില്ല. മുംബൈ താരമായിരുന്ന ഒരു വിഘ്‌നേഷിനെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ചൈനാമെൻ ബൗളർ വിഘ്‌നേഷ് പുത്തൂർ 11 മലയാളി താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യക്കെതിരെ കളിച്ച ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിലേക്ക് തിരിച്ചെത്തി. ശ്രീലങ്കൻ താരങ്ങളായ ത്രവീൺ മാത്യു, ബിനുറ ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെല്ലാലഗെ എന്നിവരും പട്ടികയിലുണ്ട്. അഫ്ഗാനിസ്ഥാന്റെ അറബ് ഗുൽ, വെസ്റ്റ് ഇൻഡീസിന്റെ അകീം അഗസ്റ്റെ എന്നിവർ കരിയറിൽ ആദ്യമായി ലേലപ്പട്ടികയിൽ സ്ഥാനം പിടിച്ചു. വിഷ്ണു സോളങ്കി, പരീക്ഷിത് വാൽസങ്കർ, സദക് ഹുസൈൻ, ഇസാസ് സവാരിയ തുടങ്ങിയ ആഭ്യന്തര താരങ്ങളും അന്തിമ പട്ടികയിൽ ഉൾപ്പെടുന്നു.




