സിഡ്‌നി: ടി20 ലോകകപ്പിൽ സെമി ഫൈനലിസ്റ്റുകളെ നിർണയിക്കാനുള്ള സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലക്കെതിരെ ഇംഗ്ലണ്ടിന് 142 റൺസ് വിജയലക്ഷ്യം. ഓപ്പണർ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ തകർത്തടിച്ച് തുടങ്ങിയ ലങ്കയെ അവസാന ഓവറുകളിൽ ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞുപിടിച്ചു. ടോസ് നേടി. ക്രീസിലിറങ്ങിയ ലങ്കക്കായി 45 പന്തിൽ 67 റൺസെടുത്ത നിസങ്കയും 22 റൺസെടുത്ത ഭാനുക രജപക്‌സെയും 18 റൺസെടുത്ത കുശാൽ മെൻഡിസും മാത്രമെ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച നിസങ്കയും ചേർന്ന് നാലോവറിൽ 39 റൺസടിച്ചു. മെൻഡിസ്(18) വോക്‌സിന്റെ പന്തിൽ ലിവിങ്സ്റ്റണിന്റെ തകർപ്പൻ ക്യാച്ചിൽ മടങ്ങിയതിനുശേഷവും നിസങ്ക അടി തുടർന്നു. പവർ പ്ലേ പിന്നിടുമ്പോൾ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു. എട്ടോവറിൽ 71 റൺസിലെത്തിയ ലങ്കക്ക് പക്ഷെ ധനഞ്ജയ ഡിസിൽവ(9) മടങ്ങിയശേഷം അടിതെറ്റി. പത്തോവറിൽ 80 റൺസടിച്ച ലങ്കക്ക് അവസാന പത്തോവറിൽ 61 റൺസെ കൂട്ടിച്ചേർക്കാനായുള്ളു.

അസലങ്ക(8) നിരാശപ്പെടുത്തിയപ്പോൾ 33 പന്തിൽ അർധസെഞ്ചുറി തികച്ച നിസങ്ക പൊരുതി. 13-ാം ഓവറിൽ ലങ്ക 100 കടന്നെങ്കിലും പിന്നീടുള്ള ഏഴോവറിൽ സ്‌കോറുയർത്താൻ അവർക്കായില്ല. 15 ഓവറിൽ 116ൽ എത്തി ലങ്കയെ അവസാന ഓവറുകളിൽ സാം കറനും ആദിൽ റഷീദും മാർക്ക് വുഡും ചേർന്ന് വരിഞ്ഞു കെട്ടിയതോടെ അവസാന അഞ്ചോവറിൽ നേടാനായത് 26 റൺസ് മാത്രം. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 26 റൺസിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറൻ, ആദിൽ റാഷിദ് എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിക്കും. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഒരേ പോയിന്റെങ്കിലും മികച്ച നെറ്റ് റൺറേറ്റ് (+0.547) ഇംഗ്ലണ്ടിന് അനുകൂലമാകും. ശ്രീലങ്ക ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയിലെത്തും. ശ്രീലങ്ക തോറ്റാൽ ഓസീസും ശ്രീലങ്കയും ഒരുമിച്ച് ലോകകപ്പിൽ നിന്ന് പുറത്താകും.