സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവമാണ് നടന്നിരിക്കുന്നത്. പരിശീലനത്തിനിടെ പന്ത് തട്ടിയുണ്ടായ പരിക്കിനെ തുടര്‍ന്ന് യുവ ക്രിക്കറ്റ് താരം മരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 17 വയസുള്ള താരമാണ് അപകടത്തില്‍പ്പെട്ടത്. സംഭവം മെല്‍ബണിന് സമീപമുള്ള ഫെര്‍ന്‍ട്രീ ഗള്ളി പ്രദേശത്താണ് നടന്നത്.

ബുധനാഴ്ച നടക്കുന്ന പ്രാദേശിക ടി20 മത്സരത്തിനായി ടീമിനൊപ്പം ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു ദുരന്തം. സഹതാരന്റെ പന്ത് കഴുത്തിലേയ്ക്കു തട്ടിയതോടെ താരം നിലത്തുവീഴുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നിട്ടും ആഘാതം കടുത്തതായിരുന്നു. മൈതാനത്തുവെച്ചുതന്നെ മെഡിക്കല്‍ ടീം പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ടീമംഗങ്ങളും പരിശീലകരും വേദനയിലാണെന്ന് ക്ലബ് അറിയിച്ചു.

'കായികമേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് അത്യന്തം ദാരുണമാണ്. യുവ പ്രതിഭയുടെ വിയോഗം നമ്മെ തകര്‍ക്കുന്നു,' എന്ന് ക്ലബ്ബ് പ്രസ്താവനയില്‍ പറയുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 2014-ല്‍ ഫില്‍ ഹ്യൂസിന്റെ മരണത്തിന് ശേഷം ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിരവധി സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പിലാക്കിയിരുന്നു. എങ്കിലും, ഈ ദുരന്തം ആ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നു.

2014ലാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.