- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശി ന്യൂസിലാന്റ്; 18 ാം ഓവറിൽ രസംകൊല്ലിയായി വീണ്ടും മഴ; ഇന്ത്യ- ന്യൂസിലാന്റ് പരമ്പരയിലെ മൂന്നാം ഏകദിനവും ഉപേക്ഷിച്ചു; ഒന്നാം ഏകദിനം സ്വന്തമാക്കിയ ന്യൂസിലാന്റിന് പരമ്പര
ക്രൈസ്റ്റ് ചർച്ച: ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ ഏകദിനത്തിൽ വിജയം നേടിയ കിവീസ് പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനവും മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു. ന്യൂസിലൻഡിന്റെ ടോം ലാഥം പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. കിവീസ് ഇന്നിങ്‌സിലെ 18 ഓവറുകൾ മാത്രമാണ് പൂർത്തിയായിരുന്നത്.
38 റൺസോടെ ഡെവോൺ കോൺവെയും സ്‌കോർ ബോർഡ് തുറക്കാതെ നായകൻ കെയ്ൻ വില്യംസണുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഇന്ത്യയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയ ന്യൂസിലൻഡ് ബാറ്റിംഗിലും മികവ് തുടരുന്നതിനിടെയാണ് മഴ എത്തിയത്. വിജയിച്ചില്ലെങ്കിൽ പരമ്പര കൈവിടുമെന്ന അവസ്ഥയിൽ അവസാന ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തിരിച്ചടി നേരുകയായിരുന്നു. ന്യൂസിലൻഡ് ബൗളിങ് നിര മികവ് കാട്ടിയതോടെ പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിങ്‌സിന് തുടക്കമിട്ടത്.
റൺസ് കണ്ടെത്താൻ പ്രയാസപ്പെടുത്തുന്നതിനിടെ 39 റൺസ് മാത്രം സ്‌കോർ ബോർഡിലുള്ളപ്പോൾ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. 22 പന്തിൽ 13 റൺസെടുത്ത ഗിൽ ആദം മിൽനെയ്ക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയ്യസ് അയ്യർ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും നായകൻ ശിഖർ ധവാന് ക്രീസിൽ അധികം ആയുസുണ്ടായില്ല. മിൽനെയുടെ പന്തിൽ കയറികളിക്കാൻ നോക്കിയ ധവാന് പിഴച്ചപ്പോൾ കുറ്റി തെറിച്ചു. 45 പന്തിൽ 28 റൺസായിരുന്നു നായകന്റെ സംഭാവന.
റിഷഭ് പന്ത് (16 പന്തിൽ 10), സൂര്യകുമാർ യാദവ് (10 പന്തിൽ ആറ്), ദീപക് ഹൂഡ (25 പന്തിൽ 12) തുടങ്ങിയവർക്കും ന്യൂസിലൻഡ് ബൗളിങ് ആക്രമണത്തെ എതിർത്ത് നിൽക്കാനായില്ല. പൊരുതി നോക്കിയെങ്കിലും ശ്രേയ്യസും അർധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ വീണു. 59 പന്തിൽ 49 റൺസെടുത്ത ശ്രേയ്യസിനെ ലോക്കി ഫെർഗൂസൻ കോൺവേയുടെ കൈകളിൽ എത്തിച്ചത് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. 200 പോലും കടക്കില്ലെന്ന് സംശയിച്ചപ്പോഴാണ് വാഷിംട്ൺ സുന്ദർ ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഔട്ടാകാതെ ചഹാലും പിടിച്ച് നിന്നതോടെയാണ് ഇന്ത്യക്ക് 200 കടക്കാനായത്. ചഹാലിനെ മിച്ചൽ സാന്റ്‌നർ പുറത്താക്കിയതോടെ പകരം വന്നത് അർഷ്ദീപാണ്. ഒമ്പത് റൺസെടുത്ത അർഷ്ദീപിനെ ഡാരി മിച്ചൽ മടക്കി. അർധ സെഞ്ചുറി നേടിയതിന് പിന്നാലെ സുന്ദറും പുറത്തായതോടെ ഇന്ത്യൻ ചെറുത്തുനിൽപ്പ് 219 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിൽ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും താളം കണ്ടെത്തിയതോടെ ന്യൂസിലൻഡ് തകർത്തടിച്ചു. ഫിൻ അലനും കോൺവേയും മുന്നേറിയതോടെ കിവീസ് സ്‌കോർ ബോർഡിലേക്ക് റൺസ് ഒഴുകി. ആക്രമിച്ച കളിച്ച ഫിൻ അലനെ സൂര്യയുടെ കൈകളിൽ എത്തിച്ച് ഉംറാൻ മാലിക്ക് ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 54 പന്തിൽ 57 റൺസാണ് അലൻ അടിച്ചുക്കൂട്ടിയത്. പിന്നാലെ കെയ്ൻ വില്യംസൺ എത്തി ബാറ്റിങ് തുടങ്ങി അധികം വൈകാതെ രസംക്കൊല്ലിയായി മഴയുമെത്തി. കളി തടസപ്പെടുമ്പോൾ ന്യൂസിലൻഡിന് വിജയിക്കാൻ 116 റൺസ് കൂടെ മതിയായിരുന്നു.
മഴ കൊണ്ട് പോയ രണ്ടാം മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. ആറാം ബൗളറായി ദീപക് ഹൂഡയെ പരിഗണിച്ചപ്പോൾ ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ബ്രേസ്‌വെല്ലിന് പകരം ആദം മിൽനെ എത്തിയതായിരുന്നു ന്യൂസിലൻഡ് ടീമിലെ മാറ്റം.
സ്പോർട്സ് ഡെസ്ക്