ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായുള്ള സംഘർഷത്തിനിടെ 15 വയസ്സുകാരന്റെ കഴുത്തൊടിഞ്ഞതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക പാർക്കിൽ ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ അവസാനിച്ചതെന്ന് പോലീസ് അറിയിച്ചു.

ക്രിക്കറ്റ് കളിക്കിടെ കൊല്ലപ്പെട്ട കുട്ടിയും പന്ത്രണ്ടുകാരനും തമ്മിൽ നിസ്സാര കാര്യത്തിന് വാക്കേറ്റമുണ്ടായി. ഇത് പിന്നീട് ഉന്തും തള്ളിലും കൈയാങ്കളിയിലുമാണ് കലാശിച്ചത്. ഇതിനുപിന്നാലെ വീട്ടിലേക്ക് മടങ്ങിയ പന്ത്രണ്ടുകാരൻ തന്റെ ബന്ധുക്കളായ 17-ഉം 13-ഉം വയസ്സുള്ള കൗമാരക്കാരെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ മൂവർസംഘവും നിഷാന്തിനെ തിരഞ്ഞുപോയതായും മുതിർന്ന പോലീസ് വ്യക്തമാക്കി.

രാത്രി 7.22-ഓടെ, മൂന്ന് പേരും ചേർന്ന് കൗമാരക്കാരനെ തടഞ്ഞുനിർത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ആൺകുട്ടിയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ തിലക് നഗർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കുറ്റക്കാരായ മൂന്ന് കൗമാരക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ചായക്കച്ചവടക്കാരന്റെ മകനായ നിഷാന് മാതാപിതാക്കളും മൂന്ന് സഹോദരങ്ങളുമാണുള്ളത്. തന്റെ മകന് നേരിടേണ്ടി വന്നത് കുട്ടികൾ തമ്മിലുള്ള സാധാരണ വഴക്കല്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും നിഷാന്തിന്റെ അമ്മ ജ്യോതി പറഞ്ഞു.

"അവർ എന്റെ മകന്റെ കഴുത്തൊടിച്ചു. കുട്ടികൾ തമ്മിൽ വഴക്കുണ്ടാക്കാറില്ലേ? പക്ഷേ അവർ അവനെ കൊന്നു കളഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ആരും ഞങ്ങളെ കേൾക്കാൻ തയ്യാറായില്ല. പകരം പോലീസ് ഞങ്ങളെ മർദ്ദിക്കുകയും ബന്ധുക്കളെ തടഞ്ഞുവെക്കുകയുമാണ് ചെയ്തത്," ജ്യോതി പറഞ്ഞു. അക്രമികൾ നിഷാന്തിനെ തിരഞ്ഞ് വീട്ടിലെത്തിയിരുന്നതായി അമ്മാവൻ റിങ്കു വെളിപ്പെടുത്തി.

"ചില ആൺകുട്ടികൾ നിഷാന്തിനെ അന്വേഷിച്ച് വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് ഞാൻ വരുന്നത്. വസ്ത്രം അലക്കുകയായിരുന്ന നിഷാന്തിന്റെ അമ്മ അവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഉടൻ തന്നെ അവർ അവനെ കൊണ്ടുപോയി കഴുത്ത് ഞെരിച്ചും മറ്റും ക്രൂരമായി മർദ്ദിക്കുകയായിരുന്നു," അദ്ദേഹം പറഞ്ഞു. സാധാരണ കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കാണെന്ന് കരുതിയെങ്കിലും പിന്നീടാണ് മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് സ്റ്റേഷനിൽ വെച്ച് കുടുംബാംഗങ്ങൾക്ക് പീഡനം നേരിടേണ്ടി വന്നതായും റിങ്കു ആരോപിച്ചു.

സംഭവം നടക്കുമ്പോൾ പാർക്കിലുണ്ടായിരുന്ന നിഷാന്തിന്റെ സഹോദരന്റെ വാക്കുകൾ അത്യന്തം വേദനാജനകമാണ്. "സഹോദരനെ ഒരു സംഘം ആക്രമിക്കുന്ന വിവരം അറിഞ്ഞ് ഓടിയെത്തുമ്പോൾ അവൻ ബോധരഹിതനായി കിടക്കുകയായിരുന്നു. അവന്റെ കഴുത്തിൽ നീർക്കെട്ടും മുഖത്ത് ക്രൂരമായ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ചെറിയ കുട്ടികൾക്കിടയിൽ ഇത്ര വലിയ ശത്രുതയുണ്ടാകാൻ എന്ത് കാരണമാണുള്ളതെന്ന് മനസ്സിലാകുന്നില്ല," സഹോദരൻ പറഞ്ഞു.

മരണത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിഷാന്തിന്റെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.