- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരവീണ ഫോണിൽ സെൽഫി; പിന്നാലെ ആരാധകന് ലഭിച്ചത് മറക്കാനാവാത്ത ഒരു 'സഞ്ജു മൊമന്റ്'; കടമ്പഴിപ്പുറത്തുകാരൻ ശബരീഷിന് മലയാളി താരത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്

പാലക്കാട്: മൈതാനത്തെ സിക്സറുകൾ പോലെ അപ്രതീക്ഷിതമായിരുന്നു ആ സമ്മാനം. തന്റെ പ്രിയതാരത്തെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച കടമ്പഴിപ്പുറം സ്വദേശി ശബരീഷിന് ലഭിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു 'സഞ്ജു മൊമന്റ്'. കേടായ ഡിസ്പ്ലേയുള്ള ഫോണിൽ സെൽഫിയെടുത്ത ആരാധകന് പുത്തൻ സ്മാർട്ട് ഫോൺ സമ്മാനിച്ചാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ മടങ്ങിയത്.
ഐപിഎൽ തിരക്കുകൾക്കിടയിലെ ഹ്രസ്വമായ ഇടവേള കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു സഞ്ജു. യാത്രയ്ക്കിടെ ഫോൺ വിളിക്കാനായി പാലക്കാട് കടമ്പഴിപ്പുറം പുഞ്ചപ്പാടം സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം സഞ്ജു തന്റെ റേഞ്ച് റോവർ ഒതുക്കി നിർത്തി. ഈ സമയത്താണ് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മൈതാനത്തേക്ക് പോവുകയായിരുന്ന ശബരീഷ് ആഡംബര കാർ ശ്രദ്ധിക്കുന്നത്.
കൗതുകത്തോടെ അടുത്തേക്ക് ചെന്ന ശബരീഷ് കണ്ടത് കാറിലിരുന്ന് ഫോൺ സംസാരിക്കുന്ന സഞ്ജുവിനെ. തന്നെ തിരിച്ചറിഞ്ഞ ആരാധകനോട് കാത്തുനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ച താരം, കോൾ കഴിഞ്ഞയുടൻ വിശേഷങ്ങൾ തിരക്കി അടുത്തേക്ക് വിളിച്ചു.
"ഫോട്ടോ എടുക്കണോ?" എന്ന് സഞ്ജു തന്നെ അങ്ങോട്ട് ചോദിച്ചപ്പോൾ ശബരീഷിന് അത് വിശ്വസിക്കാനായില്ല. ഉടൻ തന്നെ തന്റെ കയ്യിലിരുന്ന ഫോണെടുത്ത് താരം ഒപ്പം നിന്ന് സെൽഫിയെടുത്തു. എന്നാൽ ഡിസ്പ്ലേയിൽ നിറയെ വരകൾ വീണ ശബരീഷിന്റെ ഫോൺ കണ്ടപ്പോൾ "ഇതെന്താ ഫോണിന് പറ്റിയത്?" എന്നായി സഞ്ജുവിന്റെ ചോദ്യം.
ഫോണിന്റെ അവസ്ഥ കണ്ട് പുഞ്ചിരിച്ച താരം ഉടൻ തന്നെ വണ്ടിയുടെ പിന്നിൽ നിന്നും ഏതാണ്ട് 40,000 രൂപയോളം വില വരുന്ന പുത്തൻ മൊബൈൽ ഫോൺ എടുത്ത് ശബരീഷിന് സമ്മാനമായി നൽകി. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ഞെട്ടലിലായിരുന്നു ശബരീഷ്. സ്നേഹാന്വേഷണങ്ങൾക്കും സമ്മാനത്തിനും പിന്നാലെ കോയമ്പത്തൂരിലേക്ക് സഞ്ജു യാത്ര തുടർന്നു. കടമ്പഴിപ്പുറം സ്വദേശിയായ ശബരീഷ് നാട്ടിൽ കേബിൾ ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ്.


