നവി മുംബൈ: വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ യുപി വോറിയേഴ്സ് താരം ഹർലീൻ ഡിയോളിനെ നിർബന്ധിത 'റിട്ടയേഡ് ഔട്ടാക്കിയത്' ചർച്ചകളിൽ സജീവമായിരിക്കുകയാണ്. അർധസെഞ്ചുറിക്ക് കേവലം മൂന്ന് റൺസ് മാത്രം അകലെ, 36 പന്തിൽ 47 റൺസുമായി ക്രീസിൽ ഉറച്ചുനിന്ന ഹർലീനോട്, ടീമിന്റെ ആവശ്യപ്രകാരം ഡഗ്ഔട്ടിലേക്ക് മടങ്ങാൻ പരിശീലകൻ ആവശ്യപ്പെടുകയായിരുന്നു. ഈ തീരുമാനം അവസാന ഓവറുകളിൽ പരമാവധി റൺസ് നേടാനുള്ള തന്ത്രപരമായ നീക്കമായിരുന്നെന്നും എന്നാൽ ഇത് പരാജയപ്പെട്ടെന്നും യുപി വോറിയേഴ്സ് മെന്റർ ലിസ സ്റ്റാലേക്കർ പിന്നീട് ന്യായീകരിച്ചു.

ഇന്നിങ്സിന്റെ 18–ാം ഓവർ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹർലീനെ തിരിച്ചുവിളിച്ച് റിട്ടയേഡ് ഔട്ടാകാൻ കോച്ച് അഭിഷേക് നായർ ആവശ്യപ്പെട്ടത് താരത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു. തന്നോടാണോ ആവശ്യപ്പെടുന്നത് എന്ന് വിശ്വസിക്കാനാകാതെ ഹർലീൻ പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിരാശയോടെയാണ് താരം പിന്നീട് ക്രീസ് വിട്ടത്. താനും പരിശീലകൻ അഭിഷേക് നായരും ക്യാപ്റ്റൻ മെഗ് ലാനിങ്ങും ചേർന്നാണ് ഈ തീരുമാനമെടുത്തതെന്നും, അവസാന ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ലിസ സ്റ്റാലേക്കർ വിശദീകരിച്ചു.

നിലയുറപ്പിച്ചു കഴിഞ്ഞ ഒരു ബാറ്ററെ തിരിച്ചുവിളിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഈ നീക്കം നടത്തിയതെന്നും, ഇത്തരം തീരുമാനങ്ങൾ ചിലപ്പോൾ വിജയിക്കുകയും ചിലപ്പോൾ പരാജയപ്പെടുകയും ചെയ്യുമെന്നും ലിസ കൂട്ടിച്ചേർത്തു. എന്നാൽ ഈ തന്ത്രം യുപി വോറിയേഴ്സിന് ഗുണകരമായില്ല. ഹർലീൻ പുറത്തായ ശേഷം ക്രീസിലെത്തിയ കോളെ ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോൺ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. ഹർലീൻ പുറത്താകുമ്പോൾ 17 ഓവറിൽ 3 വിക്കറ്റിന് 141 എന്ന നിലയിലായിരുന്ന യുപി വോറിയേഴ്സിന്, ഹർലീൻ പുറത്തായതിന് ശേഷമുള്ള മൂന്ന് ഓവറിൽ 4 വിക്കറ്റുകൾ നഷ്ടമാക്കി 13 റൺസ് മാത്രമാണ് നേടാനായത്.