മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായക പ്രതീക്ഷയായിരുന്ന യുവതാരം അഭിഷേക് ശര്‍മയ്ക്ക് വയറ്റിലെ കടുത്ത അണുബാധയും അതിനെത്തുടര്‍ന്നുണ്ടായ ശരീരഭാരക്കുറവും തിരിച്ചടിയായി. യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം, കടുത്ത ശാരീരിക അസ്വാസ്ഥ്യം മൂലം ഫീല്‍ഡിങ്ങിനും ഇറങ്ങിയിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ നമീബിയക്കെതിരായ ഇന്നത്തെ മത്സരവും അഭിഷേകിന് നഷ്ടമാകും.

വയറ്റിലെ അണുബാധയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണറെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഷേക് ശര്‍മ്മയ്ക്ക് നിര്‍ജ്ജലീകരണം മൂലമാണ് ശരീരഭാരം വന്‍തോതില്‍ കുറഞ്ഞത്. ഫെബ്രുവരി 6-ന് വാങ്കഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം മുംബൈയില്‍ നിന്ന് കഴിച്ച ആഹാരമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് കരുതുന്നത്. ഈ ആരോഗ്യപ്രശ്‌നങ്ങളോടെയാണ് അഭിഷേക് യുഎസ്എയ്ക്കെതിരെ കളിക്കാനിറങ്ങിയത്. വയറ്റിലെ അണുബാധയ്‌ക്കൊപ്പം കാലാവസ്ഥാ മാറ്റം കൂടി വന്നപ്പോള്‍ കടുത്ത പനിയും നിര്‍ജലീകരണവും താരത്തെ തളര്‍ത്തി.

തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സ തേടിയ അഭിഷേക് ശര്‍മയുടെ ശരീരഭാരം അതിവേഗം കുറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെങ്കിലും, പൂര്‍ണ്ണ ആരോഗ്യവാനല്ലാത്തതിനാല്‍ താരം ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ശരീരഭാരം വല്ലാതെ കുറഞ്ഞ സാഹചര്യത്തിലാണ് നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേകിന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഇഷാന്‍ കിഷനൊപ്പം നമീബിയക്കെതിരെ ഓപ്പണറാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്നലെ ഇഷാന്‍ കിഷന് കാലിനേറ്റ നിസ്സാര പരിക്കും ഇന്ത്യന്‍ ടീമിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മുന്‍പ് സഞ്ജു ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരം നഷ്ടപ്പെട്ട പേസര്‍ ജസ്പ്രീത് ബുംറയും ഇന്ന് കളിച്ചേക്കും.

എന്താണ് സംഭവിച്ചത്?

ഫെബ്രുവരി 6-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന നെറ്റ് പ്രാക്ടീസിന് ശേഷം താരം കഴിച്ച ഏതോ ആഹാരമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അമേരിക്കയ്ക്കെതിരായ മത്സരദിവസം ആരോഗ്യം മോശമായെങ്കിലും താരം കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഒരു പന്ത് മാത്രം നേരിട്ട് അദ്ദേഹം പുറത്തായി. മത്സരശേഷം ടീം അംഗങ്ങള്‍ക്കൊപ്പം ഹസ്തദാനം ചെയ്യാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ബുധനാഴ്ച നടന്ന പരിശീലന സെഷനിലും താരം പങ്കെടുത്തില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നമീബിയയ്ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നത്. നിലവില്‍ തന്റെ പേഴ്‌സണല്‍ ട്രെയിനറുടെ സഹായത്തോടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.

അഭിഷേകിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡെഷാറ്റെ പ്രതികരിച്ചു. 'അഭിഷേകിന് വയറ് ഇപ്പോഴും സുഖമായിട്ടില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നും കളിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അഭിഷേകിന്റെ ഫിറ്റ്‌നസിനാണ് നിലവില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം,' ടെന്‍ ഡെഷാറ്റെ വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ അഭിഷേക് പൂര്‍ണ്ണ ആരോഗ്യത്തോടെ കളത്തിലിറങ്ങുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.