ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിൽ ശ്രീലങ്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ താരം, ടൂർണമെന്റിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. 22 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറിയിലെത്തിയ അഭിഷേക് 31 പന്തിൽ നിന്ന് 61 റൺസ് നേടി പുറത്തായി. എട്ട് ഫോറുകളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഈ പ്രകടനത്തോടെ, ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസ് നേടിയതിന്റെ റെക്കോർഡാണ് അഭിഷേക് ശർമ തിരുത്തിയെഴുതിയത്. ആറ് ഇന്നിങ്സുകളിൽ നിന്ന് താരം നേടിയത് 309 റൺസാണ്. പാകിസ്താന്റെ മുഹമ്മദ് റിസ്‌വാനാണ് (2022ൽ 281 റൺസ്) രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലി ഈ പതിപ്പിൽ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നേടിയ 276 റൺസാണ് മൂന്നാം സ്ഥാനത്ത്.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 203 റൺസിന്റെ വിജയ ലക്ഷ്യമാണ് ഉയർത്തിയത്. അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും തിലക് വർമ്മയുടെ പ്രകടനവുമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത്. ടൂർണമെന്റിൽ അഭിഷേകിന്റെ മൂന്നാമത്തെ അർദ്ധ സെഞ്ചുറിയാണിത്. 22 പന്തിൽ ഫിഫ്റ്റി നേടിയ അഭിഷേക് 31 പന്തിൽ 61 റൺസാണ് താരം നേടിയത്.