- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് കളി പഠിച്ച പോയകാലം; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കഥ
ആൻ്വിഗ: ബംഗ്ലാദേശിനെതിരായ അവിസ്മരണീയ ജയത്തിന് പിന്നാലെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ്ഖാൻ പറഞ്ഞത് ഇങ്ങനെയാണ്.. ചാമ്പ്യൻഷിപ്പ് തുടങ്ങും മുൻപ് പ്രമുഖതാരങ്ങൾ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ചപ്പോൾ ബ്രയാൻലാറ മാത്രമാണ് ഞങ്ങളുടെ പേര് പറഞ്ഞത്.സുപ്പർ 8 നു മുന്നേയുള്ള വെൽക്കം പാർട്ടിയിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു താങ്കളെ ഞങ്ങൾ നിരാശനാക്കില്ല എന്ന്..എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവുമായിരുന്നു അപ്പോൾ റാഷിദിന്റെ മുഖത്ത്.യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും പ്രകൃതി ദുരന്തങ്ങളും കൊണ്ട് വീർപ്പു മുട്ടുന്നൊരു ജനതക്ക് എല്ലാം മറന്നാഹ്ലാദിക്കാൻ ലഭിക്കുന്ന അപൂർവ്വ അവസരത്തിന് കാരണക്കാരാകാൻ കഴിയുന്ന ഒരു സംഘത്തിലെ പ്രധാനിക്ക് അഭിമാനിക്കാൻ ഇതിൽ പരം എന്തുവേണം.
അഫ്ഗാനിസ്ഥാൻ ഇനി ഒരു ടീമിനെ അട്ടിമറിച്ചു എന്ന പ്രയോഗമൊക്കെ ഉപയോഗശുന്യമായി കഴിഞ്ഞിരിക്കുന്നു.കാരണം കുഞ്ഞൻ ടീമെന്ന വിശേഷണത്തിൽ നിന്നൊക്കെ ബഹുദൂരം അവർ മുന്നോട്ട് പോയിരിക്കുന്നു.ഇന്നവർക്ക് ആരെയും തോൽപ്പിക്കാം.വളഞ്ഞവഴികൾ വേണ്ട ജയിച്ചു തന്നെ കയറണം തങ്ങൾക്കതിന് കഴിയും എന്ന സധൈര്യം പറയുന്ന ഒരു ക്യാപ്റ്റനെയും ഇന്ന് കളിക്കളത്തിൽ കണ്ടു.മഴ പെയ്തപ്പോൾ.. പലപ്പോഴും സന്ദർഭം തങ്ങൾക്കനുകൂലമായിട്ടുകൂടി..നിരാശ കലർന്ന മുഖമായിരുന്നു റാഷിദ്.കാരണം അങ്ങിനെ ഒരു സൗജന്യത്തിലും മുന്നോട്ട് പോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല.തന്റെ ടീമിൽ അത്രയെറെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്..
ബ്രിട്ടീഷുകാരുമായി ക്രിക്കറ്റ് കളിച്ച ചരിത്രവും കളി പഠിപ്പിച്ച അഭയാർത്ഥി ക്യാമ്പുകളും
കളിക്കാർക്ക് വളർന്നുവരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു ടീം കാഴ്ച വെയ്ക്കുന്ന പോരാട്ട വീര്യത്തിന് സമാനതകളില്ല.ആഭ്യന്തര യുദ്ധത്തിലും വൈദേശികാധിപത്യത്തിലും തകർന്നുതരിപ്പണമായി ഉയിർത്തെഴുന്നേൽക്കാൻ പാടുപെടുന്നൊരു ഒരു രാജ്യം ക്രിക്കറ്റ് ലോകത്തെ അതികായന്മാരെപ്പോലും വിറപ്പിക്കുന്നതിന് പിന്നിൽ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്.അഫ്ഗാനിസ്ഥാന്റെ കളികൾ എടുത്ത് പരിശോധിച്ചാൽ നമുക്ക് മനസിലാകും..അവർക്ക് എതിരാളികളെ ഉള്ളു..അതിൽ വലിപ്പച്ചെറുപ്പമൊന്നും അവർ കാണാറില്ല.വലിയ ടീമുകളോട് എങ്ങിനെയാണോ കളിക്കുന്നത് അതേ രീതി തന്നെയാണ് തങ്ങളെക്കാൾ കുഞ്ഞൻ ടീമുകളോടും.
1990കളിൽ പാക്കിസ്ഥാനിലെ അഭയാർഥി ക്യാമ്പുകളിൽ നിന്നാണ് ആധുനിക അഫ്ഗാൻ ക്രിക്കറ്റിന്റെ ചരിത്രം തുടങ്ങുന്നത്.എന്നാൽ അതിന് മുൻപ് 1839ൽ ബ്രിട്ടിഷ് ഭരണത്തിന് കീഴിലായിരുന്ന അഫ്ഗാനിസ്ഥാൻ കാബൂളിൽ ബ്രിട്ടിഷുകാരുമായി ക്രിക്കറ്റ് കളിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്.ഇന്ന് ക്രിക്കറ്റിൽ നേട്ടങ്ങളിലേക്കു പായുമ്പോൾ അഫ്ഗാനിസ്ഥാൻ ആദ്യം നന്ദി പറയേണ്ടത് പാക്കിസ്ഥാനോടുതന്നെ.അഫ്ഗാൻ താരങ്ങളെല്ലാം കളിപഠിച്ചത് പാക്കിസ്ഥാനിലെ അഭയാർഥി ക്യാമ്പുകളിൽ നിന്നാണ്.താലിബാന്റെ കിരാത ഭരണം, അമേരിക്കൻ ടാങ്കറുകളും യുദ്ധവിമാനങ്ങളും ഏത് നിമിഷവും തീ തുപ്പുമെന്ന അവസ്ഥ.താലിബാൻ ഭരണകാലത്ത് കലാകായിക മത്സരങ്ങൾക്കെല്ലാം സമ്പൂർണ നിരോധനമായിരുന്നു രാജ്യത്ത് എന്നുകൂടി ഓർക്കണം.ഇവിടെ നിന്നാണ് ആ ജനതയുടെ ആഹ്ലാദങ്ങളിൽ ഒന്നായി ക്രിക്കറ്റ് മാറുന്നത്.
അഫ്ഗാൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന താജ് മാലൂക്ക് ആ ദിവസങ്ങളെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്..'ഞങ്ങൾ പാക്കിസ്ഥാനിലെ കച്ചാകറാ ക്യാമ്പിലായിരുന്നു.എന്റെ മൂന്ന് സഹോദരങ്ങളും അവരുടെ കൂട്ടുകാരും അവിടെയുണ്ടായിരുന്നു.ഞങ്ങൾ എല്ലാരും തന്നെ ക്രിക്കറ്റിന്റെ കടുത്ത ആരാധകരായിരുന്നു.എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും കാണുന്നത് പതിവായിരുന്നു. വൈകുന്നേരങ്ങളിൽ ബേസ് ബോർഡ് സ്റ്റംപാക്കി പേപ്പർ ചുരുട്ടി പന്തുണ്ടാക്കി, എവിടെയെങ്കിലും കിടന്നു കിട്ടുന്ന പരന്ന പലക ബാറ്റാക്കി ഞങ്ങൾ ക്രിക്കറ്റ് കളിച്ചു.ഈ ദിവസങ്ങളിലെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഞങ്ങളുടെ രാജ്യത്തിനെ പ്രതിനിധീകരിക്കുന്ന ഒരു ക്രിക്കറ്റ് ടീം.
ഞങ്ങളുടെ ചർച്ചകൾക്കിടെ പലവട്ടം ഈ ചിന്ത കടന്നുവന്നിരുന്നു. പക്ഷേ, രാജ്യം അതിന് അനുവദിക്കില്ലല്ലോ എന്നോർക്കുമ്പോൾ എന്നും ആ ചർച്ചകൾ അവസാനിച്ചത് സങ്കടത്തിൽ മാത്രമായിരുന്നു. എന്നാൽ, പ്രതീക്ഷ കൈവിട്ടില്ല. കാബൂളിലേക്ക് തിരിച്ചെത്തിയ ഉടനെ ക്രിക്കറ്റ് താരങ്ങളെല്ലാം ഒരുമിച്ച് കൂടണമെന്ന് ഞാൻ പലരോടായി പറഞ്ഞു. പക്ഷേ, എന്റെ പിതാവ് ഇതിന് തടസം നിന്നു. അദ്ദേഹം പറഞ്ഞു, ക്രിക്കറ്റ് ഒരു സമയംകൊല്ലി കളിയാണ്, അത് എന്റെ മക്കളെ ഇല്ലാതാക്കുമെന്ന്.'
അഭയാർഥി ക്യാമ്പുകളിലെ എല്ലാ വിഷമതകളെയും മറക്കാനുള്ള ഉപാധികൂടിയായിരുന്നു ഇവർക്ക് ക്രിക്കറ്റ്.നീണ്ട ദിവസങ്ങൾ ഇവർ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞുകൂടി.എങ്കിലും കളിക്കാനായി ഒത്തുചേർന്ന് അവർ നല്ല നാളെകൾ സ്വപ്നം കണ്ടു.കാത്തിരിപ്പിനൊടുവിൽ അവരുടെ പ്രതീക്ഷകൾക്ക് ചിറക് നൽകി 2000ൽ അഫ്ഗാനിൽ കായിക ഇനങ്ങൾക്കുള്ള നിരോധനം നീക്കി. അങ്ങനെ ഏറെ നാളുകളായി സ്വപ്നം കണ്ടിരുന്ന രാജ്യത്തിന്റെ ക്രിക്കറ്റ് ടീം അഫ്ഗാനിസ്ഥാനിൽ രൂപപ്പെട്ടു.
അക്കാലം മുതൽക്കെ ക്രിക്കറ്റിനെ ഹൃദയംകൊണ്ട് സ്നേഹിക്കുന്ന കുരുന്നുകൾ ഏറെയുണ്ടായിരുന്നു അഫ്ഗാനിസ്ഥാനിൽ.അവരാണ് ഇന്ന് അഫ്ഗാൻ ക്രിക്കറ്റിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.നവ്‌റോസ് മംഗൽ, മുഹമ്മദ് നബി, കരിം സാദിഖ് തുടങ്ങിയ താരങ്ങളൊക്കെത്തന്നെയും അഭയാർഥി ക്യാംപിൽ നിന്ന് കളി പഠിച്ചവരാണ്.
അമേരിക്കൻ യുദ്ധവിമാനങ്ങളെയും അതിജീവിച്ച ക്രിക്കറ്റ് ജ്വരം
വില്ലോ മരത്തടിയിൽ കൊള്ളുന്ന തുകൽപ്പന്തുകളുടെ ശബ്ദമല്ല മറിച്ച് തോക്കുകളുടെയും ഷെല്ലുകളുടെയും ശബ്ദമാണ് അഫ്ഗാനിസ്ഥാന് കൂടുതൽ പരിചിതം.2000 ൽ ക്രിക്കറ്റ് ടീം രൂപീകരിച്ചതിന് പിന്നാലെ ഒരുവർഷത്തിനിപ്പറും 2001ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷനെ ഐസിസി അംഗീകരിച്ചു.എന്നാൽ ദുഃഖങ്ങളെ മാത്രം പേറാൻ വിധിക്കപ്പെട്ട ഒരു ജനതയ്ക്ക് ഇ സന്തോഷവും അധികകാലം നീണ്ടുനിന്നില്ല.
2001ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷനെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചു. എന്നാൽ, ആ സന്തോഷത്തിന് ദിവസങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭികരാക്രമണത്തിന് പിന്നാലെ ഒക്റ്റോബറിൽ അമെരിക്കൻ വിമാനങ്ങൾ അഫ്ഗാനിസ്ഥാനു മുകളിലൂടെ മരണം വിതച്ചുപറന്നു തുടങ്ങി.ഇത് വീണ്ടും ഈ ജനതയുടെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിത്തുടങ്ങി.
എന്നാൽ, ഈ ആക്രമണങ്ങൾക്കൊന്നും അഫ്ഗാനിസ്ഥാനിലെ യുവതയ്ക്ക് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശത്തെ ഇല്ലാതാക്കാൻ സാധിച്ചില്ല.രാജ്യത്തെ അവസ്ഥകൾക്ക് ചെറിയതോതിൽ മാറ്റങ്ങൾ ഉണ്ടായപ്പോൾ ഗ്രാമങ്ങളിൽ വീണ്ടും ക്രിക്കറ്റിന്റെ ആരവമുയർന്നു.അഫ്ഗാൻ യുവാക്കൾ വീണ്ടും ബാറ്റും പന്തുമായി തെരുവിലിറങ്ങി.
അങ്ങനെ 2003ൽ പാക്കിസ്ഥാനിലേക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അഫ്ഗാൻ താരങ്ങൾക്ക് ക്ഷണം ലഭിച്ചു.ലോക മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് അഫ്ഗാനിസ്ഥാൻ എന്ന ടീം കടന്നുവരുന്നത് ഈ ടൂർണ്ണമെന്റോടെയാണ്.ഇത്കൊണ്ടാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനോട് അഫ്ഗാനിസ്ഥാൻ കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതിന്റെ പ്രധാനകാരണം.അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് തോൽവി വഴങ്ങിയെങ്കിലും രണ്ട് സമനിലകൾ സ്വന്തമാക്കി. 2004ൽ ഏഷ്യൻ റീജ്യനൽ മത്സരങ്ങൾക്കായും അഫ്ഗാൻ ക്രിക്കറ്റ് ടീം എത്തി. ആറാം സ്ഥാനക്കാരായാണ് രാജ്യം ടൂർണമെന്റ് അവസാനിപ്പിച്ചത്.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം വരവറയിക്കുന്നു
ക്രിക്കറ്റ് പോലെ ആ ജനതയെ ഒന്നിച്ച് നിർത്തുന്ന ഒന്നും തന്നെ അഫ്ഗാനിസ്ഥാനിൽ ഇല്ല.അതുകൊണ്ടാണ് ടീമിന്റെ ഒരു ചെറിയ ജയം പോലും ആ ജനതയെയും അതുപോലെ കളിക്കാരെയും ഇത്രയേറെ സന്തോഷിപ്പിക്കുന്നത്.2006ലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ച് തുടങ്ങിയത്.ബഹ്‌റൈനിൽ നടന്ന മിഡിൽ ഈസ്റ്റ് ക്യാമ്പിൽ റണ്ണറപ്പായി.അതേ വർഷം തന്നെ ഇംഗ്ലണ്ട് പര്യടനം. എസെക്‌സ്, ഗ്ലാമോർഗൻ, ലെസ്റ്റർഷെയർ തുടങ്ങിയ വിഖ്യാതമായ കൗണ്ടി ക്ലബ്ബുകളുടെ രണ്ടാംനിര ടീമുകളുമായി ഏറ്റുമുട്ടിയ അഫ്ഗാൻ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ചാണ് മടങ്ങിയത്.
ഐ.സി.സി ട്രോഫി പ്ലേഓഫിൽ നേപ്പാളിനെ തകർത്ത് മൂന്നാമതായി ഫിനിഷ് ചെയ്തു അവർ.പിന്നീട് രാജ്യന്തര മത്സരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുവാൻ തുടങ്ങി.യുദ്ധവും കെടുതികളും ഇല്ലായ്മ ചെയ്ത രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയത് ക്രിക്കറ്റായതിനാൽ തന്നെ താലിബാനും ക്രിക്കറ്റിനെ അനുകൂലിച്ചു തുടങ്ങി. അതിന് ശേഷം ആദ്യമെത്തിയ 2011 ഏകദിന ലോകകപ്പിൽ യോഗ്യതറൗണ്ട് കടക്കാനായില്ലെങ്കിലും 2015 ലോകകപ്പിലേക്ക് അവർ യോഗ്യത നേടി.ആ വർഷം രണ്ട് ജയവുമായാണ് അഫ്ഗാൻ ടൂർണ്ണമെന്റ് അവസാനിപ്പിച്ചത്.രാജ്യത്തെ വിഭജനങ്ങളെയും വിവേചനങ്ങളെയും ക്രിക്കറ്റ് ഒരു പരിധിവരെ ഇല്ലാതാക്കി.ലോകകപ്പ് യോഗ്യതാമത്സരത്തിൽ അഫ്ഗാൻ വിജയിച്ചപ്പോൾ രാജ്യത്തെ പാഷ്തൂൺ, ഹസാര, ഉസ്‌ബെക്, താജിക് തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒത്തൊരുമിച്ച് ആഘോഷ നൃത്തവുമായി തെരുവിലിറങ്ങി.
2019 ൽ നടന്ന ലോകകപ്പിൽ ഒരു മത്സരവും ജയിക്കാനാകാതെയാണ് അഫ്ഗാനിസ്ഥാൻ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്ത് പോകേണ്ടി വന്നത്.2023 ലെ ഏകദിന ലോകകപ്പിൽ ആകട്ടെ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ മുൻ ലോക ചാമ്പ്യന്മാർ ഉൾപ്പടെ 4 പേരെ വീഴ്‌ത്തി ഓസ്ട്രേലിയയെ വിറപ്പിച്ചാണ് അഫ്ഗാൻ ചാമ്പ്യൻഷിപ്പിൽ നിന്നും മടങ്ങിയത്.പക്ഷെ അപ്പോഴേക്കും അഫ്ഗാനിസ്ഥാന്റെ വിജയങ്ങൾ ഒന്നും തന്നെ അട്ടിമറി ഗണത്തിൽ പെടുത്താവുന്നവയിൽ നിന്ന് മാറിപ്പോയിരുന്നു.അത്രയേറെ ആധികാരികമായി വലിയ ടീമുകൾക്ക് മാത്രം സാധിച്ചിരുന്ന രീതിയിലാണ് എതിരാളികൾക്ക് ഒരവസരവും നൽകാതെ ക്ലിനിക്കലായി അവരെ തോൽപ്പിച്ച് വിട്ടത്.ഇപ്പോൾ പുരോഗമിക്കുന്ന ടി20 ലോകകപ്പിലും ഇതേ രീതിയാണ് ഇവർ പിന്തുടരുന്നത്.
ചരിത്രം കുറിച്ച സെമിഫൈനൽ പ്രവേശനം
എതിരാളികളുടെ മനസ്സിൽ ആശങ്കകൾ പടർത്തുന്ന രീതിയിൽ അവരുടെ സമനില തെറ്റിച്ചു കളയുന്നൊരു തരം ശരീര ഭാഷയുമായി നിൽക്കുന്ന 11 പേർ. ബാറ്റ് ചെയ്യുമ്പോഴും പന്തെറിയുമ്പോഴും ഓരോരുത്തർക്കും കിട്ടിയ റോളുകൾ കൃത്യമായി നിറവേറ്റുന്നവർ.. ഇങ്ങനെയൊരു സംഘമായി മാറിയിരിക്കുന്നു ഇന്ന് അഫ്ഗാനിസ്ഥാൻ.
ന്യൂസിലാന്റിന്റെ ബാറ്റിങ്ങിലും ബൗളിങ്ങിലും നിഷ്പ്രഭമാക്കി 84 റൺസിന്റെ വിജയത്തോടെ ഈ ടൂർണ്ണമെന്റിൽ വരവറിയിച്ച അഫ്ഗാനിസ്ഥാൻ ഇന്ന് ഇപ്പോൾ ബംഗ്ലാദേശിനെ വരെയും ആധികാരികമായി തന്നെയാണ് തോൽപ്പിച്ച് മുന്നേറുന്നത്.ഇ യാത്രയിൽ കൈയകലത്തിൽ ഇക്കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ നഷ്ടമായ ആധികാരിക ജയവും അഫ്ഗാൻ സ്വന്തമാക്കി.ആ തോൽവി അഫ്ഗാന്റെ മനസ്സിൽ നീറിപ്പുകയുന്നുണ്ടായിരുന്നു.റാഷിദ് ഖാൻ 'ക്ലാസ് ബൗളർ' എന്നതിനപ്പുറം നായകനെന്ന മികവുകണ്ട കളി കൂടിയായിരുന്നു ഞായറാഴ്‌ച്ചയിലേത്.
കാരണം എട്ട് ബൗളർമാരെയാണ് ഖാൻ മാറി മാറി പരീക്ഷിച്ചത്.കളി തീരുമ്പോൾ ടൂർണമെന്റിൽ ഇതുവരെ അഫ്ഗാൻ വിജയങ്ങൾക്കു ചുക്കാൻപിടിച്ച ഫസലാഖ് ഫാറൂഖിക്ക് ഒരോവർകൂടി ബാക്കിയുണ്ടായിരുന്നു. റാഷിദ് കഴിഞ്ഞാൽ അവരുടെ മികച്ച സ്പിന്നറായ നൂർ അഹമ്മദ് ഒരു ഓവറേ ചെയ്തിരുന്നുള്ളു.നവീൻ ഉൾഹഖ് എന്ന അഫ്ഗാന്റെ ഓപ്പണിങ് ബൗളർ ഓസീസ് ബാറ്റിങ്ങിന്റെ മുനയൊടിച്ചശേഷം ഓസീസ് അടിക്കും എന്നു തോന്നിച്ച പന്തേറുകാരെയൊന്നും റാഷിദ് വീണ്ടും കൊണ്ടുവന്നില്ല. വേഗംകുറഞ്ഞ പന്തുകൾ കളിക്കാൻ ബുദ്ധിമുട്ടുമെന്നറിഞ്ഞ നായകൻ, അവർക്ക് അത്ര പരിചിതമല്ലാത്ത ഒരാളെ പന്തേൽപ്പിച്ചു.
ഗുൽബദീൻ നെയ്ബ് എന്ന ബോഡിബിൽഡർ ടീമിന്റെ സർപ്രൈസ് ആയുധമായി.ഞായറാഴ്ചത്തെ മത്സരമുൾപ്പടെ അഞ്ചുവർഷത്തിനിടെ ഗുൽബദീൻ എറിഞ്ഞത് വെറും 37 ഓവർ മാത്രമാണെന്ന് കൂടി അറിയുമ്പോഴാണ് ക്യാപ്റ്റന്റെ മികവ് കൂടി ബോധ്യപ്പെടുന്നത്.ഇന്ന് ബംഗ്ലാദേശിനെതിരെയും പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് ഇത്ര ചെറിയ ടോട്ടലിനെ അഫ്ഗാനിസ്ഥാൻ പ്രതിരോധിച്ചതിന് പിന്നിൽ റാഷിദ്ഖാൻ എന്ന ക്യാപ്റ്റന്റെ മികവ് തന്നെയായിരുന്നു.നിർണ്ണായകമായ 19 റൺസും 4 വിക്കറ്റുമായി മുന്നിൽ നിന്ന് ക്യാപ്റ്റൻ നയിച്ചപ്പോൾ ബാക്കി 10 പേരും ഒരൊറ്റ മനസോടെ അണിനിരന്നു..ഫലമോ..സ്വപ്നതുല്യമായ സെമിഫൈനൽ പ്രവേശവും.
റാഷിദ്ഖാനെ സംബന്ധിച്ച് രസകരമായ ഒരു പ്രതിജ്ഞയും ബാക്കിയുണ്ട്.അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയിട്ടെ താൻ വിവാഹം കഴിക്കു എന്നാണ് റാഷിദ് ഒരിക്കൽ പറഞ്ഞത്.അന്ന് അദ്ദേഹത്തെ എല്ലാവരും കളിയാക്കിയെങ്കിലും ഇന്ന് തന്റെ ടീമിനെ സെമിഫൈനൽ വരെ എത്തിച്ചിരിക്കുന്നു.അവസാന പന്തുവരെ വിജയക്കണമെന്ന ആർത്തിയോടെ കളിക്കുന്ന അഫ്ഗാനിസ്ഥാന് എതിരെ നോക്കൗട്ട് മത്സരങ്ങൾ ബാലികേറമലയായ ദക്ഷിണാഫ്രിക്കയ്ക്ക് ഒട്ടും എളുപ്പമായിരിക്കില്ല സെമിഫൈനൽ മത്സരം.
ഓരോ തവണ വീണപ്പോഴും ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്നൊരു ഫീനിക്സ് പക്ഷിയെപ്പോലെ കൂടുതൽ കരുത്തോടെ തിരിച്ചുവരുന്ന അഫ്ഗാൻ ക്രിക്കറ്റിനു തന്നെ സുന്ദരമായ കാഴ്‌ച്ചയാണ് സമ്മാനിക്കുന്നത്..അഫ്ഗാൻ പടയോട്ടം തുടങ്ങിയിട്ടേയുള്ള ക്രിക്കറ്റ് ലോകത്തിന്റെ വലിയ സ്വപ്നങ്ങളും നിറഞ്ഞ കൈയടികളും ഇനി അവർക്കുകൂടി അവകാശപ്പെട്ടതാണ്.