- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതകൾ; ഐസിസിയുടെ ചരിത്ര തീരുമാനം; ഏകദിന വനിതാ ലോകകപ്പിന് അംപയര്‍മാരും മാച്ച് ഓഫീഷ്യല്‍സും ഉൾപ്പെടെ എല്ലാം വനിതകള്‍
ദുബൈ: 2025ലെ ഏകദിന വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ അംപയർമാർ മുതൽ മാച്ച് റഫറിമാർ വരെ പൂർണ്ണമായും വനിതകളെ ആക്കാൻ ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയൊരുക്കുന്ന ലോകകപ്പിൽ, 14 അംഗ അംപയറിങ് പാനലാണ് കളത്തിലെ തീരുമാനങ്ങൾ എടുക്കുക.
ഷാൻഡർ ഫ്രിറ്റ്‌സ്, ട്രഡി ആൻഡേഴ്‌സൻ, ജി.എസ്. ലക്ഷ്മി, മിഷേൽ പെരേര എന്നിവർ ടൂർണമെന്റിലെ മാച്ച് റഫറിമാരായി പ്രവർത്തിക്കും. ക്ലെയർ പോളോസക്, ജാക്വിലിൻ വില്ല്യംസ്, സു റെഡ്‌ഫെൻ എന്നിവർക്ക് ഇത് മൂന്നാം ലോകകപ്പ് അംപയറിങ് അവസരമാണ്. ലോറ അഗെൻബെർഗ്, കിം കോട്ടൻ എന്നിവർ രണ്ടാം ലോകകപ്പിലാണ് മത്സരം നിയന്ത്രിക്കാനെത്തുന്നത്.
നേരത്തെ 2022ലെ കോമൺവെൽത്ത് ഗെയിംസ്, സമീപകാലത്തെ രണ്ട് ടി20 വനിതാ ലോകകപ്പ് മത്സരങ്ങൾ എന്നിവയിലും വനിതകൾ മാത്രമായിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത്. വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസിസി ചെയർമാൻ ജയ് ഷാ വ്യക്തമാക്കി. ഈ മാസം 30ന് ആരംഭിക്കുന്ന ലോകകപ്പ് നവംബർ 2 വരെ നീണ്ടുനിൽക്കും.