തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്ലേഴ്സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര്‍. സോഹന്‍ റോയ് ആണ് ടീമുടമ. ടീം ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ഐക്കണ്‍ പ്ലയറായി മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബി എന്നിവരെ പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. 'എടാ മോനെ , കൊല്ലം പൊളിയല്ലേ…' എന്നതാണ് ടീമിന്റെ ടാഗ് ലൈന്‍ . ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍. പ്രഭിരാജാണ് ടീമിന്റെ സിഇഒ . അദ്ദേഹമാണ് ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നത്. സപ്പോര്‍ട്ടിംഗ് താരങ്ങളെയും പരിചയപ്പെടുത്തി. ഫിസിയോ - ആഷിലി ടോമി, ട്രൈനെര്‍ - കിരണ്‍ , വീഡിയോ അനലിസ്റ്റ് - ആരോണ്‍, ബോളിങ് കോച്ച് - മോനിഷ്, ബാറ്റിംഗ് കോച്ച് - നിജിലേഷ്.

മറൈന്‍ മേഖലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഏരീസ്, കപ്പല്‍ ആങ്കറിനെയും ക്രിക്കറ്റിനെയും കൂട്ടിക്കലര്‍ത്തിയ ലോഗോയാണ് പുറത്തിറക്കിയത്. നാളെ തിരുവനന്തപുരം ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്ന് ഡോ. എന്‍. പ്രഭിരാജ് പറഞ്ഞു .കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ടീമിന് സാധിക്കുമെന്നും പ്രഭിരാജ് കുട്ടിച്ചേര്‍ത്തു . ഇതിലൂടെ ഐപിഎല്‍ എന്ന സ്വപ്നത്തിലേക്കും എത്തിച്ചേരാനാകും. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടമാണ് കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം ടീമിനെ സ്വന്തമാക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ കെ സി എല്ലില്‍ നിന്നു ലാഭം ലഭിക്കുകയാണെങ്കില്‍ അനാഥരായ അവിടുത്തെ കുട്ടികളുടെ പഠനം, കരിയര്‍ ഡിസൈന്‍, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവന്‍ ചിലവുകളും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചിലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് സര്‍. സോഹന്‍ റോയ് പറഞ്ഞു. കെസിഎല്ലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ സ്‌ക്കൂളുകളിലും കോളേജുകളിലും ഈവര്‍ഷം തന്നെ ക്രിക്കറ്റ് ക്ലബ്ബുകളും കൊല്ലം സെയിലേഴ്‌സിന്റെ ഫാന്‍സ് ക്ലബ്ബുകളും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഫാന്‍സിന് സൗജന്യമായി സ്റ്റേഡിയത്തില്‍ വന്ന് കളി കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

കൊല്ലം ജില്ലയിലെ ക്രിക്കറ്റ് രംഗത്തിന് പുത്തനുണര്‍വ്വുണ്ടാക്കാന്‍ ഏരീസ് കൊല്ലം സെയിലേഴ്സിലൂടെ സാധിക്കുമെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജി . സജികുമാര്‍ പറഞ്ഞു. ഏരീസ് ഗ്രൂപ്പ് സിംബാബ്വെയില്‍ നടന്ന 'സിം ആഫ്രോ ടി -ടെന്‍' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത പ്രമുഖ ടീമായ 'ഹരാരെ ഹരി കെന്‍സിന്റെ' ഉടമകളായിരുന്നു. ഇന്ത്യന്‍ താരങ്ങളായ എസ് ശ്രീശാന്ത്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഇയാന്‍ മോര്‍ഗന്‍, ജെപി ഡുമ്നി, മുഹമ്മദ് നബി തുടങ്ങി വിദേശ താരങ്ങളും ആ ടീമിന്റെ ഭാഗമായിരുന്നു. ഈ ടീമിന്റെ സിഇഒ കുടി ആയിരുന്നു കൊല്ലം പുനലൂര്‍ സ്വദേശി പ്രഭിരാജ്. കേരളത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടീമായ ഏരീസ് പട്ടോടി ക്രിക്കറ്റ് ടീമിന്റെ നേതൃത്വവും വഹിക്കുന്നത് ഇദ്ദേഹമാണ്.

ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും ടീം ഉടമയുമായ സര്‍. സോഹന്‍ റോയ്, ഏരീസ് ഗ്രൂപ്പ് എംഡിയും, ടീം സിഇഒയുമായ ഡോ. എന്‍. പ്രഭിരാജ്, കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജികുമാര്‍, മുഖ്യ പരിശീലകന്‍ വി എ ജഗദീഷ്, മുന്‍ കൊല്ലം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറുമായ ബി. ആര്‍. ബിജു ,കേരള ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ ആര്‍ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.