മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്.

ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍. രഞ്ജിയില്‍ ഗോവയ്ക്ക് വേണ്ടിയാണ് കുറച്ചുകാലമായി അദ്ദേഹം കളിക്കുന്നത്. മുംബൈയിലെ ഏറ്റവും കരുത്തുറ്റ ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.