ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നാല് ദിവസം മാത്രം ശേഷിക്കെ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം കിരീടം സ്വന്തമാക്കിയ ഇന്ത്യ, ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഇടം കൈയ്യന്‍ പേസര്‍ അര്‍ഷദീപ് സിങും മികച്ച ഫോമിലാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരത്തിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.

ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറാകും അര്‍ഷദീപ്. ഒരു വിക്കറ്റ് അകലെയാണ് ഈ നേട്ടം അര്‍ഷദീപിനെ കാത്തിരിക്കുന്നത്. 63 ഇന്നിങ്‌സുകളില്‍ നിന്ന് 99 വിക്കറ്റുകളാണ് അര്‍ഷ്ദീപിന്റെ പേരിലുള്ളത്. 18.30 ശരാശരിയിലും 13.23 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയും സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയുമാണ് ഇന്ത്യ ഗ്രൂപ്പ് എ മത്സരങ്ങള്‍ കളിക്കുക.