- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ സ്പീഡ് ഗണ്ണായി ഗുജറാത്തിന്റെ 23-കാരൻ; 154.2 കി.മീ വേഗത്തിൽ തീയുണ്ട പായിച്ച് അശോക് ശർമ; ആ യോർക്കറിൽ അമ്പരന്ന് ധ്രുവ് ജുറെൽ; ഉമ്രാൻ മാലിക്കിന് പിന്നാലെ പുതിയ ഇന്ത്യൻ പേസ് കരുത്ത്

അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പതിനാറാം ഓവർ. അവസാന പന്ത് എറിഞ്ഞു കഴിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം ചോദിച്ചു— 'ആരാണ് ഈ അശോക് ശർമ?'. ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയിലെ പുതിയ ആയുധം എന്നതിലുപരി, ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായാണ് ഈ ഇരുപത്തിമൂന്നുകാരൻ ശ്രദ്ധേയനാകുന്നത്.
മണിക്കൂറിൽ 154.2 കിലോമീറ്റർ വേഗത്തിൽ അശോക് എറിഞ്ഞ യോർക്കർ ക്രീസിലുണ്ടായിരുന്ന ധ്രുവ് ജുറെലിനെപ്പോലും അമ്പരപ്പിച്ചു. ഈ സീസണിലെ റെക്കോർഡ് വേഗതയാണിത്. എന്നാൽ ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ ആദ്യ അഞ്ച് പന്തുകളിൽ ഇടംപിടിക്കാൻ അശോകിന് സാധിച്ചിട്ടില്ല. 2011-ൽ ഡൽഹി ഡെയർഡെവിൾസിനെതിരെ മണിക്കൂറിൽ 157.71 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ ഓസ്‌ട്രേലിയൻ താരം ഷോൺ ടൈറ്റാണ് ഇന്നും റെക്കോർഡിനുടമ. ഇന്ത്യക്കാരിൽ 157 കി.മീ. വേഗവുമായി ഉമ്രാൻ മാലിക്കാണ് ഒന്നാമൻ.
രാജസ്ഥാനിൽ നിന്നുള്ള ഈ മീഡിയം പേസർ കൃത്യതയാർന്ന സ്വിങ് ബൗളിങ്ങിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 90 ലക്ഷം രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് ലേലത്തിൽ സ്വന്തമാക്കിയത്. മുൻപ് രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിൽ അംഗമായിരുന്നെങ്കിലും മൈതാനത്തിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനു വേണ്ടിയാണ് കളിക്കുന്നത്.
ഇന്ത്യൻ എ ടീമിലും അംഗമായിരുന്ന അശോക്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാലും ലിസ്റ്റ് എ വിഭാഗത്തിൽ ഏഴും മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആകെ 12 ട്വന്റി-20 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം ഐപിഎല്ലിൽ തന്റെ രണ്ടാം മത്സരത്തിലാണ് സ്പീഡ് കൊണ്ട് വിസ്മയിപ്പിച്ചത്. ഇതുവരെ രണ്ട് വിക്കറ്റുകൾ ഈ പേസർ സ്വന്തമാക്കിയിട്ടുണ്ട്.


