ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന സർഫറാസ് ഖാനെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വിജയ് ഹസാരെ ട്രോഫിയിൽ സർഫറാസ് നേടിയ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെയാണ് അശ്വിന്റെ ഈ നിർദേശം. "അവൻ കതകിൽ മുട്ടുകയല്ല, തകർക്കുകയാണ്" എന്ന തലക്കെട്ടോടെയുള്ള കുറിപ്പിലൂടെയാണ് അശ്വിൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

വൈറ്റ്ബോൾ ക്രിക്കറ്റിൽ സർഫറാസ് ഖാൻ കാഴ്ചവെക്കുന്ന ഉജ്ജ്വല പ്രകടനങ്ങളാണ് അശ്വിന്റെ ശുപാർശക്ക് ആധാരം. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ മുംബൈക്കായി 56 പന്തിൽ സെഞ്ചുറി നേടിയ സർഫറാസ്, 75 പന്തിൽ 14 സിക്‌സറുകൾ ഉൾപ്പെടെ 157 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം താരത്തിന്റെ റെഡ് ബോൾ സ്പെഷ്യലിസ്റ്റ് എന്ന വിശേഷണത്തിന് പുറമെ വൈറ്റ് ബോൾ ഫോമും തെളിയിക്കുന്നു.

"സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 100*(47), 52(40), 64(25), 73(22) എന്നീ സ്കോറുകൾ നേടിയ സർഫറാസ്, വിജയ് ഹസാരെയിലും അതേ ഫോം തുടരുന്നു. 55(49) ന് ശേഷം ഇന്ന് 14 സിക്സറുകളോടെ 157(75) റൺസ്. മധ്യ ഓവറുകളിൽ സ്പിന്നർമാർക്കെതിരെ സ്വീപ് ഷോട്ടുകളും സ്ലോഗ് സ്വീപ്പുകളും ഉപയോഗിച്ച് റൺസ് നേടുന്ന അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. 'അവൻ വാതിലിൽ മുട്ടുകയല്ല, അത് തകർക്കുകയാണ്.' സിഎസ്‌കെ അദ്ദേഹത്തിന്റെ ഈ ഫോം മുതലെടുത്ത് പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണം." അശ്വിൻ കുറിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 329 റൺസ് സർഫറാസ് നേടിയിട്ടുണ്ട്. 202 സ്ട്രൈക്ക് റേറ്റിലും 65 ബാറ്റിംഗ് ശരാശരിയിലുമായിരുന്നു ഈ പ്രകടനം. വരുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സർഫറാസിനെ കളിപ്പിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയത്. ആയുഷ് മാത്രേ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട ബാറ്റിംഗ് നിരയിൽ സ്ഥാനം നേടുന്നത് 28 വയസ്സുകാരനായ സർഫറാസിന് വെല്ലുവിളിയായിരിക്കുമെന്നും വിലയിരുത്തലുണ്ട്.

ഇന്ത്യക്കായി ആറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച സർഫറാസ്, ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ 371 റൺസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 13 സെഞ്ചുറികളും 13 അർധസെഞ്ചുറികളും ഉൾപ്പെടെ 4863 റൺസാണ് താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 301 റൺസാണ് ഉയർന്ന സ്കോർ. അമിതഭാരമെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കഠിനപരിശ്രമത്തിലൂടെ 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് ഈ സീസണിൽ കളിക്കുന്നത്.