- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സൗഹൃദം എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇല്ല; എല്ലാവരും വെറും സഹപ്രവർത്തകർ മാത്രമാണ്; മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി മുന്നോട്ടു കുതിക്കാനാണ് ശ്രമം; എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്'; ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം വീണ്ടും കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിലെ അംഗങ്ങൾ തമ്മിലുള്ള ഐക്യമില്ലായ്മ തുറന്നുപറഞ്ഞ് മുതിർന്ന താരം ആർ അശ്വിൻ. ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്നും സഹതാരങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളുവെന്നും അശ്വിന്റെ വെളിപ്പെടുത്തുന്നു. താരങ്ങൾ തമ്മിൽ സൗഹൃദമില്ലെന്നും എല്ലാവരും ഇപ്പോൾ സഹ പ്രവർത്തകർ മാത്രമാണെന്നും അശ്വിൻ തുറന്നടിച്ചു. രാജ്യാന്തര കരിയറിൽ താരം പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അതിനിടെ ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ ടീമിലെ ദയനീയ സാഹചര്യം അശ്വിൻ തുറന്നു പറഞ്ഞിരിക്കുന്നത്.
ടെസ്റ്റ് ബോളർമാരുടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ അശ്വിനു സാധിച്ചില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ അശ്വിനെ ഇത് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ഇത്തരം സാഹചര്യങ്ങളിൽ കുടുംബത്തെ കൂടാതെ സൂഹൃത്തുക്കളുടെ പിന്തുണയും താരങ്ങൾക്ക് ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ സങ്കടകരമായ യാഥാർഥ്യം അശ്വിൻ വെളിപ്പെടുത്തിയത്.
ഓവലിൽ നടന്ന ഫൈനലിൽ പേസർ ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്. ഈ തീരുമാനത്തിന്റെ പേരിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും ഏറെ വിമർശനം നേരിടേണ്ടി വന്നു. ഫൈനലിൽ ഓസീസിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു. മത്സരത്തിൽ ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങിയപ്പോൾ അശ്വിനെ കളിപ്പിക്കാത്ത മണ്ടത്തരത്തിലേക്കാണ് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും വിരൽ ചൂണ്ടിയത്. ക്യാപ്റ്റനും കോച്ചും ഏറെ വിമർശനങ്ങളും കേട്ടു. ടീമിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഹതാരങ്ങളുമായി സംസാരിച്ചിരുന്നോ എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് അശ്വിൻ ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഇത് ആഴത്തിലുള്ള വിഷയമാണെന്നായിരുന്നു അശ്വിന്റെ ആദ്യ പ്രതികരണം. ഓരോ സ്ഥാനത്തിനായും ടീമിനുള്ളിൽ കടുത്ത മത്സരമാണെന്നും 'സൗഹൃദം' എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇപ്പോഴില്ലെന്നും അശ്വിൻ വിശദീകരിച്ചു. ''എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. ഇതു തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിതാഴ്ത്തി സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല.'' അശ്വിൻ പറഞ്ഞു.
താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ലെന്ന് അശ്വിൻ പറഞ്ഞു. ടീം ഇന്ത്യയിൽ ഇപ്പോൾ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. ''വാസ്തവത്തിൽ, കാര്യങ്ങൾ പരസ്പരം പങ്കുവച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരാളുടെ ടെക്നിക്കുകൾ ഉൾപ്പെടെ മനസ്സിലാക്കിയാൽ നമ്മൾ കൂടുതൽ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്.'' അശ്വിൻ കൂട്ടിച്ചേർത്തു. നിലവിൽ തമിഴ്നാട് പ്രീമിയർ ലീഗിൽ ഡിണ്ടിഗൽ ഡ്രാഗൺസിനു വേണ്ടി കളിക്കുകയാണ് അശ്വിൻ
സ്പോർട്സ് ഡെസ്ക്