ദാംബുള്ള: വനിതാ ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ 78 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ സെമി ബര്‍ത്ത് ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 201 റണ്‍സിന്റെ റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ച ഇന്ത്യ യുഎഇയെ 20 ഓവറില്‍ 123 റണ്‍സിലൊതുക്കിയാണ് തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തിരുന്നു. ചൊവ്വാഴ്ച നേപ്പാളിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 201-5, യുഎഇ 20 ഓവറില്‍ 123-7.

ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. ടി20യില്‍ ഇതുവരെ ടീം സ്‌കോര്‍ 200 കടന്നിട്ടുണ്ടായിരുന്നില്ല. 53-ല്‍ മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഈ തിരിച്ചുവരവ്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും തകര്‍പ്പനടികളാണ് ഇന്ത്യക്ക് ചന്തമുള്ള ജയമൊരുക്കിയത്. യു.എ.ഇ.ക്കായി കവിഷ എഗോദഗെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.

29 പന്തില്‍ ഒരു സിക്സും 12 ബൗണ്ടറിയും ചേര്‍ത്ത് 64 റണ്‍സാണ് റിച്ച നേടിയത്. 47 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും സഹിതം 66 റണ്‍സാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സമ്പാദ്യം. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും (18 പന്തില്‍ 37), സ്മൃതി മന്ദാനയും (9 പന്തില്‍ 13) മികച്ച തുടക്കം നല്‍കി. ജെമീമ റോഡ്രിഗസ് (14), ഹേമലത (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. യു.എ.ഇ.്ക്കായി കവിഷ എഗോദഗെ രണ്ട് വിക്കറ്റുകള്‍ നേടി.

ഇന്ത്യ ഉയര്‍ത്തിയ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യുഎഇക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത തീര്‍ത്ഥ സതീഷിനെ അഞ്ചാം ഓവറില്‍ രേണുക സിംഗ് മടക്കി. ക്യാപ്റ്റന്‍ ഇഷ രോഹിത്(38) പൊരുതി നിന്നെങ്കിലും റിനിത രജിത്(7), സമൈറ ധര്‍ണധാരക(5) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ യുഎഇ 36-3ലേക്ക് വീണു. ഇഷ രോഹിത്തും കാവിഷ എഗോഡഗെയും(40*) ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് യുഎഇയെ 76 റണ്‍സിലെത്തു. 38 റണ്‍സെടുത്ത ഇഷ രോഹിത്തിനെ മടക്കിയ തനുജ കന്‍വര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്. എഗോഡഗെയും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കറ്റന്‍ ലക്ഷ്യത്തിന് അടുത്തെത്താന്‍ യുഎഇക്കായില്ല.ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് എടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും റിച്ച ഘോഷിന്റെയും വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തത്. 47 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് 29 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്നിംഗ്‌സിലെ അവസാന അഞ്ച് പന്തും ബൗണ്ടറി കടത്തി ഇന്ത്യയെ 200 കടത്തിയ റിച്ച ഘോഷ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന ടീം ടോട്ടലും സമ്മാനിച്ചു. 2018ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 198 റണ്‍സാണ് ഇന്ത്യ ഇന്ന് മറികടന്നത്. ഷഫാലി(18 പന്തില്‍ 37) വര്‍മയും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി.