തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തില്‍ മിന്നും താരമായി ഓള്‍ റൗണ്ടര്‍ എം.എസ്. അഖില്‍. 7.4 ലക്ഷം രൂപയ്ക്കാണ് എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പര്‍ വരുണ്‍ നായനാരെ തൃശൂര്‍ ടൈറ്റന്‍സും സ്വന്തമാക്കി. ഓള്‍ റൗണ്ടര്‍ മനുകൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും ബാറ്റര്‍ സല്‍മാന്‍ നിസാറിനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും ഏഴു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.

50000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന താരലേലം ചാരു ശര്‍മാണ് നിയന്ത്രിച്ചത്. ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കിയാണ് മലയാളി താരങ്ങള്‍ വിവിധ ടീമിലേക്ക് എത്തിയത്.

കൃഷ്ണപ്രസാദ് 6.20 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സില്‍ കളിക്കും. അജനാസ് എം കാലിക്കറ്റ് ഗ്ലോബ്സ്റ്റാറില്‍ എത്തിയത് 6.20 ലക്ഷം രൂപയ്ക്കാണ്. കെ എം ആസിഫിനായി കൊല്ലം സെയ്‌ലേഴ്‌സ് 5.20 ലക്ഷം രൂപ മുടക്കി. അക്ഷയ് ചന്ദ്രന്‍ അഞ്ച് ലക്ഷം ആലപ്പി റിപ്പിള്‍സിലെത്തി. എം ഡി നിതീഷ് തൃശൂര്‍ ടൈറ്റന്‍സിലെത്തിയത് 4.20 ലക്ഷം രൂപയ്ക്കാണ്. ഷോണ്‍ റോജറിനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 3.60 ലക്ഷം രൂപ മുതല്‍മുടക്കി.

രോഹന്‍ പ്രേം ട്രിവാന്‍ഡ്രം റോയല്‍സില്‍ കളിക്കുന്നത് 3.40 ലക്ഷം രൂപയ്ക്കാണ്. അഖിന്‍ സത്താന്‍ 3.20 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സില്‍ കളിക്കും. സിജോമോന്‍ ജോസഫിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ 168 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണിനിരത്തിയത്. ഐപിഎല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവരെ 'എ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയും സി.കെ.നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്സ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളവരെ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയും അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമായവരെ 'സി' വിഭാഗത്തില്‍പെടുത്തി അന്‍പതിനായിരം രൂപയും അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്. ഇതില്‍ ബി വിഭാഗത്തില്‍ ഉള്‍പ്പെട്ട 7 പേര്‍ എ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയിനെ സ്വന്തമാക്കിയത്.

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ലേലം കൊണ്ടത്. എ വിഭാഗത്തില്‍ ഉള്‍പ്പെട്ട 31 കളിക്കാരില്‍ എല്ലാവരേയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയപ്പോള്‍ ബി വിഭാഗത്തിലെ 43ല്‍ 21 പേരെയാണ് ലേലംകൊണ്ടത്. സി വിഭാഗത്തിലെ 94 പേരില്‍ 56 പേരേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.