- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്‍പ് ഓസീസിന് കനത്ത തിരിച്ചടി; ഗാബ ടെസ്റ്റില്‍ ഓസീസ് പേസര്‍ക്ക് പരിക്ക്; അടുത്ത രണ്ട് ടെസ്റ്റില്‍ നിന്ന് പിന്മാറിയതായി സൂചന
ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാബ ടെസ്റ്റിനിടെ തുടയില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത ഹേസല്‍വുഡിനെ മത്സരത്തിന് ശേഷം സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഹേസല്‍വുഡിന്റെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സ്കാനിങ് റിപ്പോര്‍ട്ട്. പരിക്കേറ്റതിന് പിന്നാലെ നാലാം ദിനം ഹേസല്‍വുഡ് പന്തെറിയാന്‍ ഇറങ്ങിയിരുന്നില്ല.
ചൊവ്വാഴ്ച നടന്ന ആദ്യ സെഷനില്‍ ഹേസല്‍വുഡ് ഒരു ഓവര്‍ ബൗള്‍ ചെയ്ത ശേഷം ക്യാപ്റ്റന്‍ കമ്മിന്‍സ്, വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുമായി നീണ്ട സംഭാഷണത്തിന് ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്നു. ഇതോടെ ഓസീസ് ബൗളിങ് ആക്രമണം നാല് പേരിലേക്ക് ചുരുങ്ങി.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റടക്കം മത്സരത്തില്‍ 5 വിക്കറ്റെടുത്ത് തിളങ്ങിയ ഹേസല്‍വുഡിന് പരിക്കുമൂലം ഇന്ത്യക്കെതിരെ അഡ്ലെയ്ഡില് നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. ഇതിനിടെ പെര്‍ത്ത് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബാറ്റര്‍മാരെ വിമര്‍ശിച്ചതിനാണ് ഹേസല്‍വുഡിനെ മാറ്റിനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്കോട് ബോളണ്ടാണ് ഹേസല്‍വുഡിന് പകരം അഡ്ലെയ്ഡില് കളിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി ബോളണ്ട് അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. എന്നാല്‍ ബ്രിസ്ബേന്‍ ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയ ഹേസല്‍വുഡ് ടെസ്റ്റിനിടെ വീണ്ടും പരിക്കേറ്റ് പിന്മാറിയതോടെ നാലു ബൗളര്മാരുമായുമാണ് ഓസീസ് കളിക്കുന്നത്. ഗാബയില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഹേസല്‍വുഡിന്റെ അഭാവം അനുഗ്രഹമാകുകയും ചെയ്തു.
26ന് മെല്‍ബണിലാണ് ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. ഹേസല്‍വുഡ് കളിച്ചില്ലെങ്കില്‍ ബോക്സിംഗ് ഡേ ടെസ്റ്റില്‍ പകരക്കാരനായി സ്കോട് ബോളണ്ട് ഇറങ്ങുമെന്നാണ് കരുതുന്നത്. അഡ്ലെയ്ഡില് നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ബോളണ്ട് രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ജനുവരി ഏഴ് മുതല്‍ സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.