- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ കാത്ത് രണ്ട് സര്‍പ്രൈസുകള്‍; വാര്‍ണര്‍ക്ക് പകരക്കാര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 13 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനും സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റനുമായ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഓപണര്‍ നഥാന്‍ മക്സ്വീനിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസുമാണ് ടീമിലെ സര്‍പ്രൈസ് താരങ്ങള്‍.
ഇന്ത്യ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ മിന്നും പ്രകടനമാണ് യുവതാരം മക്സ്വീനിക്ക് ടീമിലേക്കുള്ള വഴിയൊരുക്കിയത്. ഉസ്മാന്‍ ഖവാജയ്ക്കൊപ്പമായിരിക്കും മക്സ്വീനി ഓസീസ് ഇന്നിങ്സ് ഓപണ്‍ ചെയ്യുക. വിരമിച്ച സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഓപണര്‍ സ്ഥാനത്തേക്ക് മികച്ച ബാറ്ററെ അന്വേഷിച്ചിരുന്ന ഓസ്ട്രേലിയയ്ക്ക് മികച്ച ഓപ്ഷനായാണ് മക്സ്വീനി എത്തിയത്. അതേസമയം ആഭ്യന്തര മത്സരങ്ങളിലെ ഫോം പരിഗണിച്ച് ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ജോഷ് ഇംഗ്ലിസിനെ ഓസീസ് സ്‌ക്വാഡിലെത്തിച്ചത്.
നവംബര്‍ 22ന് പെര്‍ത്തിലാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ ആറിന് രണ്ടാം ടെസ്റ്റും 14ന് മൂന്നാം ടെസ്റ്റും ആരംഭിക്കും. നാലാം ടെസ്റ്റ് ഡിസംബര്‍ 26ന് ആരംഭിക്കുമ്പോള്‍ 2025 ജനുവരി മൂന്നിന് പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരം നടക്കും. ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതിന് വേണ്ടി ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് ഈ പരമ്പര.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്.