2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടി. ചാമ്പ്യന്‍സ് ട്രോഫി സംഘത്തിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഏകദിന ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിനുള്ള ഓസ്ട്രേലിയയുടെ പ്രാഥമിക ടീമില്‍ ഇടം നേടിയ 35 കാരന്‍ തനിക്ക് അവസരം കുറവായിരിക്കും എന്ന തോന്നലിലാണ് ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ചിലര്‍ വിരമിക്കലിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഡ്രസിങ് റൂം തര്‍ക്കവുമായി കൂട്ടിക്കെടുന്നുണ്ട്.

ഏകദിനത്തില്‍നിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് സ്റ്റോയിനിസ് വിരമിക്കല്‍ വേളയില്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ : ''ഓസ്ട്രേലിക്കായി ഏകദിനം കളിക്കുകയെന്നത് വലിയ കാര്യമാണ്. പച്ചയും മഞ്ഞയും ജഴ്‌സിയില്‍ കളിക്കാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വിരമിക്കല്‍ തീരുമാനം അത്ര എളുപ്പമല്ല. എന്നാല്‍ ഏകദിനത്തില്‍ മാറിനില്‍ക്കേണ്ട ശരിയായ സമയമാണിതെന്ന് കരുതുന്നു. എന്റെ കരിയറിലെ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകുന്ന ടീമിന് എല്ലാ ആശംസകളും നേരുന്നു'' -സ്റ്റോയിനിസ് പറഞ്ഞു.

ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടി 20 യില്‍ താരം ഓസ്ട്രേലിക്കായി കളിക്കുന്നത് തുടരും. ഏകദിന ഫോര്‍മാറ്റില്‍ അവസരങ്ങള്‍ കുറഞ്ഞ് പോകുന്നതിനാല്‍ തന്നെ സ്റ്റോനിനിസ് കൃത്യ സമയത്ത് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുക ആയിരുന്നു. നായകന്‍ കമ്മിന്‍സിനെ പരിക്ക് കാരണം നഷ്ടപെട്ട ടീമിന് സ്റ്റോയ്നിസ് കൂടി ഇല്ലെങ്കില്‍ അത് പണിയാകുമെന്ന് ഉറപ്പാണ്.

2023-ൽ ഇന്ത്യയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് കിരീട വിജയത്തിൽ സ്റ്റോയിനിസ് ഭാഗമായിരുന്നു. 71 മത്സരങ്ങളിൽ നിന്ന് 1495 റൺസും 48 വിക്കറ്റുകളും നേടിയിട്ടുണ്ട് ഈ ഓൾ റൗണ്ടർ.