സിഡ്നി: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ക്ക് പരിക്ക് പറ്റുന്നതുപോലെ അംപയര്‍മാര്‍ക്കും പരിക്ക് സംഭവിക്കാറുണ്ട്. പണ്ട് സുരക്ഷാ കവചങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇന്ന് അവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സുരക്ഷാ കവചങ്ങള്‍ ധരിച്ചാണ് ഫീല്‍ഡില്‍ ഇറങ്ങുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് പോലുള്ള അംപയര്‍മാര്‍ അതിന് ഉദാഹരണമാണ്. അദ്ദേഹം ഒരു പ്രത്യേക തരത്തിലുള്ള കവചം കയ്യില്‍ ധരിച്ചാണ് അംപയര്‍ നില്‍ക്കാറ്.

എന്നാല്‍ ഇങ്ങനെ സുരക്ഷ ഇല്ലാതെ ഇറങ്ങുന്നവരും ഉണ്ട്. സുരക്ഷ ഒന്നുമില്ലാതെ ഇറങ്ങുന്ന അംപയറില്‍ ഒരാളാണ് ഓസ്ട്രേലിയന്‍ അംപയര്‍ ടോണി ഡി നോബ്രെഗ. ഇദ്ദേഹത്തിന് ഇപ്പോള്‍ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം. ബാറ്ററുടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് അംപയറുടെ മുഖത്ത് തട്ടുകയായിരുന്നു.

വെസ്റ്റ് ഓസ്‌ട്രേലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നോര്‍ത്ത് പെര്‍ത്ത് - വെംബ്ലി ഡിസ്ട്രിക്റ്റും തമ്മിലുള്ള ഒരു മൂന്നാം ഗ്രേഡ് മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് അംപയര്‍ക്ക് പരിക്കേല്‍ക്കുന്നത്. ചാള്‍സ് വെയാര്‍ഡ് റിസര്‍വില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. പരിക്കിനെ കുറിച്ച് സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നതിങ്ങനെ.. ''അദ്ദേഹത്തിന്റെ എല്ലുകള്‍ക്ക് ഒടിവൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. എങ്കിലും അദ്ദേഹം ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലാണ്. പരിക്കില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ടോണിക്ക് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം ഉടന്‍ എഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്‍ പോസ്റ്റ് ചെയ്തു.


ഇതാദ്യമായിട്ടില്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 കാരനായ ജോണ്‍ വില്യംസ് എന്ന അംപയര്‍ മരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ്, ഒരു ഇസ്രായേലി അംപയര്‍ക്കും ഇതുതന്നെയായിരുന്നു വിധി.