സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. പിന്നാലെ താരം ഓസ്ട്രേലിയയുടെ കോച്ചിങ് സംഘത്തില്‍ ചേര്‍ന്നു. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലന സംഘത്തില്‍ വെയ്ഡുമുണ്ടാകും. വിക്കറ്റ് കീപ്പിങ്, ഫീല്‍ഡിങ് പരിശീലകനായിട്ടാണ് താരത്തെ നിയമിച്ചിരിക്കുന്നത്. ജൂണില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ മാത്യു വെയ്ഡും ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നാലെ നടന്ന ഇംഗ്‌ളണ്ട് പര്യടനത്തില്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കുന്ന് മാത്യു വെയ്ഡ് പറഞ്ഞിരുന്നു.

13 വര്‍ഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിനാണ് മുപ്പത്തിയാറുകാരനായ വെയ്ഡ് തിരശീലയിടുന്നത്. ഓസ്‌ട്രേലിയയ്ക്കായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 29.87 ശരാശരിയില്‍ 1613 റണ്‍സ് നേടി. ഇതില്‍ നാലു സെഞ്ചറികളും അഞ്ച് അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ 26.29 ശരാശരിയില്‍ 1867 റണ്‍സെടുത്തു. ഇതില്‍ ഒരു സെഞ്ചറിയും 11 അര്‍ധസെഞ്ചറികളുമുണ്ട്. ട്വന്റി20യില്‍ 26.13 ശരാശരിയില്‍ 1202 റണ്‍സ് നേടി. ഇതില്‍ മൂന്ന് അര്‍ധസെഞ്ചറികളുമുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം ലഭിക്കാനായി കടുത്ത വെല്ലുവിളി നേരിട്ടിരുന്ന വെയ്ഡ്, 2021ല്‍ യുഎഇയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് സ്ഥിരാംഗമായത്. സെമിയില്‍ പാക്കിസ്ഥാനെതിരെ 17 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത് ഫിനിഷര്‍ റോളില്‍ വരവറിയിച്ചു. 2022, 2024 വര്‍,ങ്ങളിലെ ട്വന്റി20 ലോകകപ്പുകളിലും ടീമിന്റെ വിക്കറ്റ് കീപ്പറായി കളിച്ചു. ഇതിനു പിന്നാലെയാണ് താരം കളമൊഴിയുന്നതായി പ്രഖ്യാപിച്ചത്.